സുരേഷ്ഗോപി രാജാവ് അല്ല, ഇവിടെ പ്രജകളും ഇല്ല; വിവരക്കേട് വിളിച്ച് പറയരുത്…
തൃശൂരിൽ തനിക്കെ എതിരെ മത്സരിക്കാൻ പ്രതാപൻ പകരമായി കോൺഗ്രസ്സിൽ നിന്ന്നും വരുന്നത് കെ
മുരളീധരൻ ആണെന്ന് അറിഞ്ഞപ്പോൾ സിനിമാനടൻ സുരേഷ് ഗോപി പറഞ്ഞ കാര്യമാണ്. എതിർ സ്ഥാനാർഥി ആരായാലും തനിക്ക് ഭയമില്ല, മുന്നിലുള്ളത് പ്രജകൾ മാത്രം. ചിലപ്പോളൊക്കെ ഉള്ളിൽ ഇരിക്കുന്ന ചെമ്പ് പുറത്ത് ചാടും. സുരേഷ്ഗോപി എന്ന മനുഷ്യനിൽ അന്തർലീനമായി ഒരു മാടമ്പിയുണ്ട്. ഒരു തമ്പുരാൻ ഉണ്ട്, ഒരു രാജമനോഭാവം ഉണ്ട് . പലപ്പോളും അതൊക്കെ പുറത്ത് വരാറുമുണ്ട്.
ഈ ജനാധിപത്യ രാജ്യത്ത് ആരാണ് പ്രജകൾ? ജനങ്ങൾക്കാണ് ആധിപത്യം, ആര് നാട് ഭരിക്കണമെന്ന് തീരുമാനിക്കുന്നതും അവരാണ്. എംഎൽഎ മാരും. എംപിമാരും, മന്ത്രിമാരുമൊക്കെ ജനങ്ങളെ സേവിക്കേണ്ടവരാണ്. ജനസേവകർ എന്ന് തന്നെയാണ് രാഷ്ട്രീയക്കാർ അറിയപ്പെടുന്നതും. അതുകൊണ്ട് സുരേഷ്ഗോപി എന്ന താങ്കളും ഒരു ജനസേവകനാണ്. ഈ ഇലക്ഷനിൽ ജയിച്ച് മന്ത്രി ആയാലും താങ്കൾ ചെയ്യേണ്ടത്, അല്ലെങ്കിൽ ചെയ്യാൻ പോകുന്നത് ജനസേവനമാണ്.
എന്തായാലും ഒരു കാര്യം പറയാതെ വയ്യ.. ഇദ്ദേഹം കാണിക്കുന്ന ഷോകൾ എല്ലാം വളരെ പരിതാപകരമാണ്. അതിലൂടെ സ്വയം പരിഹാസ്യനായി മാറുകയാണ് എന്നത് ഇദ്ദേഹം തിരിച്ചറിയുന്നില്ല. അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകാനും തന്ത്രി കുടുംബത്തിൽ പിറക്കാനും ആഗ്രഹിക്കുന്ന ഈ മനുഷ്യൻ തൃശൂരിലെ ജനങ്ങളെ പ്രജകൾ ആയിത്തന്നെയാണ് കാണുന്നത്. തന്നെക്കാൾ വലുതല്ല അവരെന്ന ചിന്ത അയാളിൽ ഉണ്ട്.
ലൂർദ്ദ് പള്ളിയിൽ ചെമ്പ് കലർത്തി സ്വർണ്ണക്കിരീടം വച്ച സംഭവത്തിൽ ഇപ്പോൾ ഇദ്ദേഹം മാധ്യമങ്ങേ കുറ്റം പറയുന്നുണ്ട്. എന്തിനാണ് ഇവർ അവിടെ കേറി വന്നതെന്ന്? എന്റെ കുടുംബം നടത്തിയ വഴിപാടാണ്, അവിടെ മാധ്യമങ്ങൾ വരേണ്ട കാര്യമില്ലായിരുന്നു എന്നാണ് സുരേഷ്ഗോപി പറയുന്നത്. ലൂർദ്ദ് പള്ളിയിൽ വരാൻ മാധ്യമങ്ങൾക്ക് സുരേഷ്ഗോപിയുടെ അനുവാദം ചോദിക്കേണ്ട കാര്യമില്ല. മാധ്യമ ശ്രദ്ധ കിട്ടാൻ അല്ലെങ്കിൽ ഇദ്ദേഹത്തിന് പള്ളി അധികാരികളോട് പറഞ്ഞ് രഹസ്യമായി ആ ചെമ്പ് കിരീടം കൊടുക്കാമായിരുന്നു. പത്ത് രൂപ ചെലവാക്കിയാൽ നൂറ് പേര് അതറിയണം എന്നതാൻ ഇദ്ദേഹത്തിന്റെ ഒരു രീതി. ഇപ്പോൾ കിരീടവിഷയം വിവാദമായപ്പോളാണ് മാധ്യമങ്ങൾ കുറ്റക്കാരായത്.
തൃശൂരിലെ ജനത ഇയാളെ തിരിച്ചറിയണം വിവേകവും തിരിച്ചറിവും ഉള്ള കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ജനങ്ങൾ ഈ ഫയൂദാൽ മാടമ്പിയെ തിരിച്ചറിയണം. രാജാവ്, പ്രജ, ബ്രാഹ്മണൻ, ക്ഷത്രിയൻ എന്നതൊക്കെ പണ്ടെക്ക് പണ്ടെ ഇവിടെ നിന്ന് കെട്ട് കെട്ടിച്ചതാണ്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിങ്ങനെ നട്ടെല്ലുള്ള ഒരുപാട് നേതാക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരുടെ പോരാട്ടത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രം. രാജാവിനെ കാണുമ്പൊൾ ഉടുമുണ്ടഴിച്ച് തലയിൽ കെട്ടിയ കാലം, പറമ്പിൽ പണിക്ക് വരുന്നവർക്ക് കുഴി കുത്തി കഞ്ഞി ഒഴിച്ച് കൊടുക്കുന്ന കാലം, അതെല്ലാം ഇല്ലാതാക്കിയത് ഈ പറഞ്ഞ നവോത്ഥാന നായകരാണ്. അതുകൊണ്ട് സുരേഷ്ഗോപി ഞങ്ങളെ ആ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ട. അതിനു തൃശൂരിലെ ജനങ്ങൾ, വിവരവും വെളിവുമുള്ള പൗരന്മാർ സമ്മതിക്കില്ല. അടുത്ത ജന്മത്തിൽ ബ്രാഹ്മണനും തന്ത്രിയും ആകുന്നതിന് മുമ്പ് താങ്കൾ, ഈ ജന്മത്തിൽ ഒരു നല്ല മനുഷ്യൻ ആകാൻ ശ്രമിക്കുക. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാകാൻ ശ്രമിക്കുക..