ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, ജയമോഹൻ, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ചതിന് മാസ് മറുപടി നൽകി ബി.ഉണ്ണികൃഷ്ണൻ
തമിഴ്നാട്ടിലടക്കം വമ്പൻ ഹിറ്റായി മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങളും ഈയിടെ ഉയര്‍ന്നുവന്നിരുന്നു. അതിൽ പ്രധാനം മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളെയും അധിക്ഷേപിച്ച തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റേതായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നുമായിരുന്നു ജയമോഹന് കുറിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ജയമോഹനെതിരെ ഉയർന്ന് വന്നിരിന്നു. തമിഴില്‍ എഴുതിയ ബ്ലോഗിലൂടെയാണ് ജയമോഹന്റെ പരാമര്‍ശങ്ങള്‍. എന്നാൽ ഇതിന് രൂക്ഷമായ ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ.മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല എന്നാണ് ബി. ഉണ്ണികൃഷ്ണൻ ഇതിനോട് പ്രതികരിച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്.
കുടിച്ചു കുത്താടുന്ന പെറുക്കികൾ” എന്നാണ് നിങ്ങൾ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികൾ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങൾക്ക്, ‘മനുഷ്യപ്പറ്റ്’ എന്ന മൂല്യത്തിലേക്ക് പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും– അവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്– ഒരു കയറിന്റെ രണ്ടറ്റങ്ങളിൽ അവരുടെ ശരീരങ്ങൾ കെട്ടിയിട്ടപ്പോൾ, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളിൽ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവർ സ്നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥപുറ്റുകൾക്കുള്ളിൾ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് താങ്കൾ പറയുന്നത്. ഈ കണ്ടെത്തൽ താങ്കൾ വസ്തുതകൾ വെളിപ്പെടുത്തി വിശദീകരിക്കണം. അല്ലാതെ ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, ജയമോഹൻ. അതെ, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാരുണ്ട്. ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാർ. അവരുടെ ലഹരി സൗഹൃദമാണ്, സിനിമയാണ്. കൂടുതൽ പറയുന്നില്ല. കാരണം, മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് ഞങ്ങളുടെ ചലച്ചിത്ര സംസ്കാരം. ഗുണ’ എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നൽകിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടിൽ തെളിഞ്ഞു കാണുന്നില്ല. പോലിസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തിന് പുറമെ തമിഴ്നാട്ടിലും റെക്കോഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരമാകുമ്പോള്‍ വേള്‍ഡ് വൈഡ് 140 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 25 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്. 2018 എന്ന ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയ 2.8 കോടിയുടെ റെക്കോഡാണ് മഞ്ഞുമ്മലിലെ ടീംസ് തകര്‍ത്തത്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്മൈഷോയിലും ചിത്രം റെക്കോഡിട്ടു.