റിയാസ് മൗലവി വധക്കേസില്‍ കുറ്റക്കാരല്ല ; മൂന്ന് പ്രതികളെയും കോടതി വെറുതേ വിട്ടു ; ജില്ലയില്‍ കനത്ത സുരക്ഷ
റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതേ വിട്ടു. കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന് കോടതിയുടേതാണ് വിധി.
ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തിരുന്നത്. 2017 മാര്‍ച്ച് 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏഴു വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേസില്‍ പ്രതികളെ വെറുതേ വിട്ടത്. എല്ലാവരേയും വെറുതേ വിട്ടിരിക്കുന്നു എന്നു മാത്രമായിരുന്നു ജസ്റ്റീസ് കെ.കെ. ബാലകൃഷ്ണന് പ്രതികരിച്ചത്. മദ്രസയ്ക്ക് അടുത്തുള്ള സ്വന്തം വീട്ടില്‍ വെച്ചാണ് റിയാസ് മൗലവി വെട്ടേറ്റു മരിച്ചത്.
പിടിയിലായത് കേളുഗുഡയിലെ അജേഷ്, നിധിന്‍കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു പ്രതികള്‍. 90 ദിവസത്തിനുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും 2019 ല്‍ വിചാരണ നടക്കുകയും ചെയ്ത കേസില്‍ ആറു വര്‍ഷത്തിന് ശേഷമായിരുന്നു വിധി വരുന്നത്. ഭാവികാര്യങ്ങള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും അപ്പീലിന് പോകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് കൊലപാതകം എന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. അനേകം ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമെല്ലാം കേസില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. 50 ലേറെ രേഖകള്‍, 45 തൊണ്ടിമുതലും ഹാജരാക്കിയ കേസില്‍ 97 സാക്ഷികളെയാണ് വിസ്തരിച്ചത്.
വിധികേള്‍ക്കാന്‍ റിയാസ് മൗലവിയുടെ ഭാര്യയും സഹോദരങ്ങളുമടക്കമുള്ള കുടുംബാംഗങ്ങള്‍ കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം നടന്നു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ജാമ്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഏഴു വര്‍ഷമായി പ്രതികളും ജയിലില്‍ തന്നെയായിരുന്നു. ഒരു നാടിനെ നടുക്കിയ വലിയ സംഭവത്തില്‍ പുറത്തുവന്ന വിധി റിയാസ് മൗലവിയുടെ കുടുംബാംഗങ്ങളെയും കേസുമായി മുമ്ബോട്ട് പോയ ആക്ഷന്‍ കമ്മറ്റി അംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.