കരിയറിനെ മോശമായി ബാധിക്കുന്നതിനാൽ റിലീസ് തടയുന്നു;ടോവിനോയ്ക്കെതിരെ സംവിധായകൻ സനൽ കുമാർ രംഗത്ത് ..
നടൻ ടൊവിനൊ തോമസിനെതിരെ എതിരെ ആരോപണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ടൊവിനോ മുഖ്യകഥാപാത്രത്തിലും നിർമാണ പങ്കാളിയുമായി ചിത്രമായ ‘വഴക്ക്’ പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നും ആണ് സനൽകുമാർ പറയുന്നത് . സിനിമ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോള്‍ ‘വഴക്ക് ഒരു ഫെസ്റ്റിവൽ സിനിമയാണെന്നും അത് സാധാരണ ജനങ്ങൾ ഇഷ്ടപ്പെടില്ല’ എന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനൽകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
”കോവിഡ് കാരണം മലയാളം സിനിമാവ്യവസായം അടഞ്ഞുകിടന്ന സമയത്താണ് വഴക്ക് ഷൂട്ട് ചെയ്യുന്നത്. വളരെ സങ്കീർണമായ ചിത്രീകരണരീതികൾ അവലംബിച്ച സിനിമ കേവലം രണ്ടാഴ്ച കൊണ്ടായിരുന്നുപൂർത്തിയാക്കിയത്. 50 ലക്ഷം രൂപയായിരുന്നു നിർമാണച്ചിലവ്. അൻപത് ശതമാനം പണം ടൊവിനോയും അൻപത് ശതമാനം പണം തനിക്ക് കൂടി പങ്കാളിത്തമുള്ള നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ച്ചേഴ്സും നിക്ഷേപിച്ചുകൊണ്ടാണ് ബജറ്റ് കണ്ടെത്തിയത്. പാരറ്റ് മൗണ്ട് പിക്ച്ചേഴ്സിനായി പണം മുടക്കിയത് തന്റെ ബന്ധുവായ ഗിരീഷ് നായരും അദ്ദേഹത്തിന്റെ സുഹൃത്തായ ഫൈസൽ ഷാജിർ ഹസനും ആയിരുന്നു,” എന്നാണ് സനൽകുമാർ ശശിധരൻ കുറിച്ചത് .
വളരെ ചെറിയ ബജറ്റും വളരെ കുറഞ്ഞ ദിവസങ്ങളും ആയിരുന്നു കയ്യിലുണ്ടായിരുന്നത്, എങ്കിലും വളരെ നല്ല രീതിയിൽ തന്നെ തീരുമാനിച്ച ബജറ്റിലും സമയത്തിലും സിനിമ തീർക്കാൻ തനിക്ക് കഴിഞ്ഞു. പക്ഷെ സിനിമ പൂർത്തിയായിക്കഴിഞ്ഞപ്പോൾ തടസങ്ങൾ തുടങ്ങി. സിനിമയുടെ റഫ് കട്ട് കണ്ട ഒരു പ്രശസ്തമായ ഫെസ്റ്റിവൽ തുടക്കത്തിൽ സിനിമ തങ്ങൾക്ക് പ്രിമിയർ ചെയ്യാൻ താൽപ്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മെയിൽ അയച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ തീരുമാനം മാറ്റിയെന്നും സനൽകുമാർ പറഞ്ഞു
ഐഎഫ്എഫ്കെയിലാണ് പിന്നെ സിനിമ പ്രദർശിപ്പിക്കാൻ വിദൂരസാധ്യതയുണ്ടായിരുന്ന ഒരു ഇടം. തനിക്കെതിരെയുള്ള കുപ്രചാരണങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായിരുന്നത് കൊണ്ട് ഐഎഫ്എഫ്കെയിൽ സിനിമ തിരഞ്ഞെടുക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സെലക്ഷൻ ജൂറിയിൽ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്നതുകൊണ്ട് ‘വഴക്ക്’ ഐഎഫ്എഫ്കെയിൽ ഇടം പിടിച്ചെന്നും സനൽകുമാർ പറഞ്ഞു.
മേളയിൽ സിനിമകണ്ട പ്രേക്ഷകർ വഴക്കിനെ ഏറ്റെടുത്തതോടെ സിനിമ വീണ്ടും ജനങ്ങളുടെ മുന്നിലെത്തും എന്ന പ്രതീക്ഷ എനിക്കുണ്ടായി. സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തണം എന്ന് ഞാൻ ടൊവിനോയോട് പറഞ്ഞു. അപ്പോഴും അതൊരു ഫെസ്റ്റിവൽ സിനിമയാണെന്ന നിലപാടിൽ ടൊവിനോ ഉറച്ചു നിന്നു.
ഒന്നുകിൽ സിനിമ തിയേറ്ററിൽ എത്തിക്കണം അല്ലെങ്കിൽ അത് ഓൺലൈൻ റിലീസ് ചെയ്യണം എന്ന് വാശിപിടിച്ചപ്പോൾ ഒടിടി പ്ലാറ്റുഫോമുകളുമായി സംസാരിക്കുന്നതിനായി തന്റെ മാനേജരെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ടൊവിനോ പറഞ്ഞു. ഏറെ താമസിയാതെ സിനിമയുടെ വിതരണ അവകാശം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും ടൊവിനോയുടെ മാനേജരെ ഏല്‍പ്പിക്കാനുള്ള ഒരു കരാറിന്റെ കരടും അയച്ചു തന്നു.
‘കയറ്റം’ എന്ന സിനിമയിലെ സമാനമായ ഒരു സംഭവത്തിന്റെ ദുരനുഭവം കാരണം ഞാൻ അതിനു വഴങ്ങിയില്ല. എങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച ചെയ്യുന്നതിന് മൂന്നു മാസത്തേക്കുള്ള അധികാരം ഞാനയാൾക്ക് എഴുതി നൽകി. പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങൾ കൊണ്ടും തോന്നിയിരുന്നു എന്നും സനൽകുമാർ ശശിധരൻ പറയുന്നു.
ഇതിനിടെ വഴക്ക് തിയേറ്ററിൽ എത്തിക്കാൻ എന്നെ സഹായിക്കാം എന്നും അതിനായി പണം മുടക്കാൻ സന്നദ്ധനാണ് എന്നും പറഞ്ഞുകൊണ്ട് ഒരാൾ മുന്നോട്ട് വന്നതോടെ വീണ്ടും ടൊവിനോയെ വിളിച്ചു. ‘വഴക്ക് തിയേറ്ററിൽ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ എന്നായിരുന്നു ടൊവിനോയുടെ വാദം. പണം മുടക്കാൻ തയാറായി വന്നയാൾ നഷ്ടം താങ്ങാൻ തയാറാണെങ്കിൽ ടോവിനോ എന്തിന് അതിൽ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. ”എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാൻ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും,” എന്നായിരുന്നു മറുപടിയെന്നും സനൽകുമാർ പറഞ്ഞു.
എന്താണ് ടൊവിനോ ഉദ്ദേശിച്ചത് എന്ന് അപ്പോൾ മനസിലായില്ല, എന്നാൽ ഇപ്പോൾ പൊരുൾ മനസിലായിട്ടുണ്ടെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇപ്പോൾ എനിക്ക് ടോവിനോ പറഞ്ഞതിന്റെ പൊരുൾ മനസിലായിട്ടുണ്ട്. ‘വഴക്ക്’ നിർമിക്കുന്ന സമയത്ത് ടോവിനോ വളർന്നു വരുന്ന ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു. അന്നത് പുറത്തു വന്നിരുന്നെങ്കിൽ എനിക്കെതിരെയുള്ള വിരോധം ആയാൾക്കെതിരെ തിരിയുമായിരുന്നു. സൂപ്പർതാരത്തിലേക്കുള്ള വളർച്ചയുടെ പാതയിൽ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങൾ അറിയുന്ന ഒരാൾക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തിൽ വിജയം വരിക്കാൻ സാധിക്കുകയുള്ളു. ടോവിനോ ചെയ്തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ലഅധർമമാണ്! എന്നാണ് സനൽകുമാർ പോസ്റ്റിൽ പറയുന്നത്