“ഇന്ത്യ ചന്ദ്രനിൽ കാലു കുത്തുമ്പോൾ, പാകിസ്ഥാനിൽ കുട്ടികൾ ഓടയിൽ വീണ് മരിക്കുന്നു”; പാകിസ്ഥാൻ നേതാവിൻ്റെ ഈ വാക്കുകൾ കേൾക്കൂ
ലോകം ചന്ദ്രനിലേക്ക് പോകുമ്പോൾ കറാച്ചിയിൽ കുട്ടികൾ ഗട്ടറിൽ വീണ് മരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. അതേ സ്ക്രീനിൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയെന്ന വാർത്തയുണ്ട്. കറാച്ചിയിലെ തുറന്ന ഓടയിൽ ഒരു കുട്ടി മരിച്ചു എന്നാണ് രണ്ട് സെക്കന്റിനുള്ളിലെ വാർത്ത . ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്താനിലെ കറാച്ചിയുടെ അവസ്ഥയും താരതമ്യം ചെയ്ത് സംസാരിക്കുന്നത് മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്താൻ (എം.ക്യു.എം-പി) നേതാവ് സെയ്ദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്നതാണ് കറാച്ചിയിൽ നിന്നുള്ള വാർത്ത എന്നാണ് സെയ്ദ് മുസ്തഫ കമാൽ പാക് നാഷണൽ അസംബ്ലിയിൽ ചൂണ്ടിക്കാട്ടി.
2023 ആഗസ്റ്റിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ലോക ചരിത്രം തിരുത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ കരസ്ഥമാക്കി. ഈ നേട്ടത്തെയാണ് പാക് ഖജനാവിന് ഏറ്റവും കൂടുതൽ വരുമാനം സംഭാവന നൽകുന്ന കറാച്ചിയുടെ നിലവിലെ അവസ്ഥയുമായി പാക് നാഷണൽ അസംബ്ലി അംഗം താരതമ്യം ചെയ്തത്.
കറാച്ചി പാകിസ്താന്റെ വരുമാനത്തിന്റെ എഞ്ചിനാണ്. പാകിസ്താന്റെ തുടക്കം മുതൽ പ്രവർത്തിക്കുന്ന രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. കറാച്ചി പാകിസ്താനിലേക്കും മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള കവാടവുമാണ്. 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല. എത്തിച്ച വെള്ളം പോലും ടാങ്കർ മാഫിയ പൂഴ്ത്തിവെച്ച് കറാച്ചിയിലെ ജനങ്ങൾക്ക് വിൽക്കുകയാണെന്നും മുസ്തഫ കമാൽ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, വർധിച്ച് വരുന്ന കടം എന്നിവയിൽ പാകിസ്താന്റെ നിലവിലെ സാഹചര്യം വളരെ മോശമാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) നിന്ന് പുതിയ വായ്പാ പദ്ധതി തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഭരണകൂടം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക വീണുപോയത് അടുത്തകാലത്താണ്. അന്ന് തന്നെ പലരും പാകിസ്താൻ നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെയും ചൂണ്ടിക്കാണിച്ചിരുന്നു. ഒപ്പം 2022 ൽ ഉണ്ടായ മഹാപ്രളയവും പാകിസ്താന്റെ സാമ്പത്തികവളര്‍ച്ചയെ വളരെ മോശമായി ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം പാകിസ്താനിലുണ്ടായത് .2023-ലെ കണക്ക് പ്രകാരം 273 ബില്യണ്‍ ആണ് രാജ്യത്തിന്റെ പൊതുകടം. ദിനംപ്രതി ഇതില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. വര്‍ധിച്ചുവരുന്ന കടബാധ്യത, ഊര്‍ജ ഇറക്കുമതിയിലെ താങ്ങാനാകാത്ത ചെലവ്, വിദേശ കരുതല്‍ശേഖരത്തിലെ കുറവ്, നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളര്‍ച്ചയിലെ ഇടിവ് എന്നിവയെല്ലാം അവര്‍ക്ക് വിനയാകുകയാണ്.കൃത്യമായ ഒരു സാമ്പത്തിക പാക്കേജും അന്താരാഷ്ട്ര തലത്തില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഉടന്‍ മെച്ചപ്പെടുത്താന്‍ സാധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.പ്രളയത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പാകിസ്താന് കണക്കാക്കുന്നത്.രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന് എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. പൊതുവെ ഒരു പാകിസ്താന് പ്രധാനമന്ത്രിയും ആ കസേരയില്‍ കാലാവധി തികച്ച് ഭരിച്ചിട്ടില്ല. ഭരണാധികാരികള്‍ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുകയാണ് അവിടെ പതിവ്. ഭരണമാറ്റം നയംമാറ്റംകൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ ശമനമില്ലാതെ തുടരും. ഒപ്പം അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരും സൈന്യത്തിന്റെ ഇടപെടലുകളും ആ രാജ്യത്തിന് എല്ലാക്കാലത്തും വലിയ വെല്ലുവിളിയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങള്‍, നിക്ഷേപം ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നുണ്ട്. കുറഞ്ഞ ആഭ്യന്തര ഉത്പാദനവും മറ്റ് പ്രശ്നങ്ങളും കൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ അതിന്റെ പാരമ്യത്തിലെത്തും.