“ദേശസ്നേഹവും രാജ്യസേവനവും കാലെ കുടുംബത്തിന്റെ രക്തത്തിൽ അലിഞ്ഞതാണ്’”; ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ വൈഭവിൻ്റെ ബന്ധുക്കൾ പറയുന്നത് കേൾക്കൂ
ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന വൈഭവ് അനിൽ കാലെയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ വാർത്ത വളരെ വിഷമത്തോടെ ആണ് നമ്മൾ എല്ലാം കേട്ടത് . തിങ്കളാഴ്ച നടന്ന ആക്രമണത്തിനിടയിലായിരുന്നു വൈഭവ് കൊല്ലപ്പെട്ടത്.റഫായിൽ നിന്ന് ഖാൻ യൂനുസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആണ് യുഎന്നിന്റെ പതാകയും സ്റ്റിക്കറുകളും വ്യക്തമായി പതിപ്പിച്ചിരുന്ന വാഹനം ആക്രമിക്കപ്പെടുന്നത്. തൊട്ടു പിന്നാലെ തന്നെ കാറിലുണ്ടായിരുന്ന വൈഭവ് അനിൽ കാലെ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് പരുക്കേൽക്കുകയും ചെയ്തു. ഒരു ‘സൈനിക ടാങ്കിൽ’ നിന്നാണ് യു എൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായത് എന്നാണ് യുഎന്നിന്റെ വിശദീകരണം. ചൊവ്വാഴ്ച വൈകിയാണ് യുഎൻ വക്താവ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ വൈഭവ് അനിൽ കാലെയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. അടുത്ത ബന്ധുക്കളായ മുഗ്ദ അശോക് കാലെ, ചിന്മയ് അശോക് കാലെ, അജിത കാലെ എന്നിവരാണ് വൈഭവിന്റെ രാജ്യസ്നേഹത്തെ കുറിച്ചും അർപ്പണ മനോഭാവത്തെ കുറിച്ചും വിവരിക്കുന്നത്.
വൈഭവിന്റെ വിയോഗ വാർത്തയോട് പെരുത്തപ്പെടാൻ സാധിക്കുന്നില്ലെന്ന് ബന്ധു മുഗ്ദ അശോക് കാലെ പറഞ്ഞു. മരണവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വൈഭവ് ഇനിയിലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ ആത്മാവിൽ ഇപ്പോഴുമുണ്ടെന്ന തോന്നലാണ്. കയ്പേറിയ ആ സത്യം ഒടുവിൽ പുറത്തുവരുമെങ്കിലും അത് അംഗീകരിക്കാനും പൊരുത്തപ്പെടാനും മനസ് തയാറല്ല. അതിനാൽ, ഞങ്ങൾക്ക് ഇപ്പോഴും വൈഭവ് ജീവിച്ചിരിക്കുന്നു -എന്നാണ് മുഗ്ദ അശോക് കാലെ പറഞ്ഞത്
”കുട്ടിക്കാലം മുതൽ വൈഭവ് വളരെ ഉത്സാഹിയും എപ്പോഴും എന്തെങ്കിലും ചെയ്യാൻ തയാറുമുള്ള വ്യക്തിയായിരുന്നു. എല്ലാ കാര്യങ്ങളും വളരെ അർപ്പണബോധത്തോടെ ചെയ്യും. ദേശസ്നേഹവും രാജ്യസേവനവും കാലെ കുടുംബത്തിന്റെ രക്തത്തിൽ അലിഞ്ഞതാണ്. സൈന്യത്തിൽ ചേരണമെന്നത് മുത്തച്ഛന്റെ ആഗ്രഹമായിരുന്നു. പലതവണ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. എന്നാൽ, ധൈര്യം കൈവിടാതിരുന്ന വൈഭവ് ഒടുവിൽ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മുത്തച്ഛന്റെ സ്വപ്നം സഫലീകരിക്കുകയും ചെയ്തു” -ചിന്മയ് അശോക് കാലെ വ്യക്തമാക്കി.
”സ്വന്തം നാടിന് വേണ്ടി ജീവിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് വൈഭവ് സൈന്യത്തിൽ ചേർന്നത്. സൈന്യത്തിന്റെ ഭാഗമായ അദ്ദേഹം രാജ്യത്തിന് വേണ്ടി തന്റെ സർവതും നൽകാൻ തയാറായിരുന്നു” -അജിത കാലെ പറഞ്ഞു.
അതെ സമയം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ റൂട്ട് അധികൃതർക്ക് കൈമാറിയിരുന്നില്ല എന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ റൂട്ട് മാപ്പ് കൃത്യമായി അധികൃതർക്ക് കൈമാറിയിരുന്നു എന്നാണ് യുഎൻ വക്താവ് റോലാൻഡോ ഗോമസ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഐക്യരാഷ്ട്രസഭയുടെ എല്ലാ വാഹന വ്യൂഹങ്ങളുടെയും റൂട്ടുകൾ ഇസ്രയേൽ അധികാരികളെ കൃത്യമായി അറിയിക്കാറുണ്ടായിരുന്നുവെന്നും ഗോമസ് വിശദീകരിച്ചിരുന്നു. വൈഭവും സഹജീവനക്കാരനും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വിവരങ്ങളും കൈമാറിയിരുന്നു. കൂടാതെ യു എന്നിന്റെ വാഹനമാണെന്ന് കാണിക്കാനുള്ള എല്ലാ അടയാളങ്ങളും അതിൽ പതിപ്പിക്കുകയും ചെയ്തിരുന്നു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്നും യുഎൻ വക്താവ് പറഞ്ഞു.