ജര്‍മനിയിലേക്ക് പോയ രാഹുലിനെ പിടികൂടാൻ പുതിയ നീക്കം; റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും.
ഇതിനായി ക്രെെംബ്രാഞ്ച് എഡിജിപി അപേക്ഷ നല്‍കിയിട്ടുണ്ട്. സിബിഐ ഡയറക്ടർക്കാണ് അപേക്ഷ നല്‍കിയത്. വ്യാഴാഴ്ച അപേക്ഷ ഇന്റർപോളിന് കെെമാറുമെന്നാണ് വിവരം.
ഗാർഹിക പീഡനക്കേസിന് പിന്നാലെ രാഹുല്‍ ജർമനിയിലേക്ക് കടന്നിരുന്നു. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോള്‍ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ നീക്കം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോള്‍ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് വിശദമറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കൂ.
രാഹുല്‍ ജർമനിയിലേക്ക് കടന്നെന്ന് മുൻപ് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുല്‍ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശരത് ലാലിനെ അധികൃതർ സസ്പെൻഡുചെയ്തിട്ടുണ്ട്.