പോലീസ്- ഗുണ്ട ബന്ധത്തിന് പൂട്ടിടാൻ ഒരുങ്ങി പോലീസ് നേതൃത്വം..ക്രിമിനൽ കേസുകളിൽ പ്രതി ആയത് 850 പോലീസ് ഉദ്യോഗസ്ഥർ
സംസ്ഥാനതു പോലീസും ഗുണ്ടകയും തമ്മിലുള്ള സൗഹൃദ ബന്ധം ചർച്ചകളിലേക്ക് . എന്നാൽ ഗുണ്ടകളും -പോലീസും തമ്മിലുള്ള സുഹൃത് ബന്ധം ചർച്ചയായതോടെ വീണ്ടും നടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കേരള പോലീസ് നേതൃത്വം. സംശയമുള്ള പോലീസ് ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുകയും നോട്ടത്തിലുള്ളവർക്കെതിരേ കർശനമായ നടപടിയെടുക്കാനുമാണ് പോലീസ് നേത്രത്വത്തിൻറെ തീരുമാനം. ഇതിൽ മണ്ണു മാഫിയയുമായി ബന്ധമുള്ള മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത് . എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരിൽ സർവീസിൽ നിന്നും സസ്പെൻഡു ചെയ്തത്. കൂടാതെ 23 പേരെ പിരിച്ചുവിടുകയും ചെയ്തു. പുറത്തു വന്നിട്ടുള്ള കണക്ക് പ്രകാരം അടുത്ത കാലത്തായി ഏകദേശം 850-ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുള്ളത് . ഇതിൽ കൂടുതലും സിവിൽ പോലീസ് ഉദ്യോഗസ്ഥരായിരുന്നു . ഇതിൽ ഒരു ഡിവൈ.എസ്.പി.യും 15 ഇൻസ്പെക്ടർമാരും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആലപ്പുഴ ഡി വൈ എസ പി എം ജി സാബു ആണ് സസ്പെൻഷനിലായ ഡി വൈ എസ പി . ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയതിനെ തുടർന്നായിരുന്നു ഡി വൈ എസ പി സാബു വിനെ സസ്പെൻഡ് ചെയ്തത് . മാത്രമല്ല തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായതു കൂടാതെ , ഡിവൈ.എസ്.പി. എം.ജി. സാബുവിന്റെ മറ്റു ഗുണ്ടാ ബന്ധങ്ങളും പോലീസ് വിശദമായി അന്വേഷിക്കും. സസ്പെൻഷനിലായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് വകുപ്പുതല അന്വേഷണവും തുടങ്ങി. സാബുവിന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പോലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് വിലയിരുത്തൽ. ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ളവർ അങ്കമാലി പുളിയനത്തെ ഫൈസലിന്റെ വീട്ടിലെത്തിയ സംഭവത്തിൽ ആലുവ റൂറൽ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടും നിർണായകമായി. ഇൗ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ഡിവൈ.എസ്.പി.യെയും മറ്റ് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്തത്.
അതെ സമയം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റി വെച്ചു . സംസ്ഥാന പോലീസ് മേധാവി, എ.ഡി.ജി.പി.മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച രാവിലെ 11.30-ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ചേരാനാണ് നിശ്ചയിച്ചിരുന്നത്. രണ്ടുദിവസംമുമ്പ് തീരുമാനിച്ച യോഗം ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം മാറ്റുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാകുന്നതിനാലാണ് യോഗം മാറ്റിയതെന്നാണ് വിവരം. സബ് കളക്ടർമാരുടെ യോഗം ചേരാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.
ഗുണ്ടാ അക്രമങ്ങൾക്കെതിരേ പ്രതിപക്ഷം ഉൾപ്പെടെ വ്യാപക വിമർശനം ഉന്നയിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി വിദേശത്തായിരുന്നു. മടങ്ങിയെത്തിയശേഷം വിളിച്ച ഉന്നതതലയോഗത്തിൽ ഗുണ്ടാ അക്രമങ്ങളും ക്രമസമാധാന സാഹചര്യങ്ങളും ചർച്ചചെയ്യുമെന്നാണ് കരുതിയിരുന്നത്. ഇതിനിടെ ആണ് ഗുണ്ടാനേതാവിന്റെ വീട് സന്ദർശിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ജി. സാബുവിന്റെ വിവരംകൂടി പുറത്തുരുന്നത് . ഈ സാഹചര്യത്തിൽ ഗുണ്ട-പോലീസ് ബന്ധം ചർച്ചയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചൊവ്വാഴ്ച രാവിലെതന്നെ പുറത്തിറങ്ങി. ജനങ്ങളുടെ സമാധാനജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരേ പോലീസ് സ്വീകരിക്കുന്ന നടപടികളെ ദുർബലപ്പെടുത്തുന്നതാണ് സാബുവിന്റെ പ്രവൃത്തിയെന്ന് ഉത്തരവിലുണ്ട്.