കനത്ത മഴയിൽ ‘കുള’മായി എറണാകുളം … വൻ നാശനഷ്ടങ്ങൾ , ദുരിതാശ്വാസ ക്യാമ്പുകൾ ; പരിഹാരം കണ്ടെത്താൻ കഴിയാതെ സർക്കാർ
തുടർച്ചയായ രണ്ടാംദിവസവും കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ല ഏറെക്കുറെ വെള്ളത്തിലായ അവസ്ഥയാണ് നിലവിൽ . ചൊവ്വാഴ്ച വൈകീട്ടു തുടങ്ങി ഇതുവരെ അവസാനിക്കാത്ത മഴയിൽ ജില്ലയിലെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ വെള്ളത്തിലായി. കളമശ്ശേരി മൂലേപ്പാടം, കാക്കനാട് ഇൻഫോപാർക്ക്, ഇടപ്പള്ളി, പാലാരിവട്ടം, ഇടപ്പള്ളി ടോൾ ജങ്ഷൻ,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലാണ് . ഒപ്പം നഗരത്തിലെ ഇടറോഡുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ് ഉള്ളത് . വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. പറവൂർ, അരൂർ, വാഴക്കുളം, പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ മഴക്കെടുതി യും രൂക്ഷമായിരുന്നു . നോർത്ത് പറവൂരിൽ 112 മില്ലി ലിറ്റർ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ദേശീയപാതയുടെ പണിനടക്കുന്നിടത്ത് വെള്ളക്കെട്ട് അതിരൂക്ഷമായി മാറി . ഏതാനും കുടുംബങ്ങളെയും ഇവിടെ നിന്നും മാറ്റി താമസിപ്പിച്ചു. പറവൂർ താലൂക്കിൽ പെരുമ്പടന്നയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ കണ്ണൻകുളങ്ങര ഗവൺമെന്റ് എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി.. ചൂണ്ടിയിൽ 92 മില്ലി ലിറ്റർ, കളമശ്ശേരിയിൽ 87 മില്ലി ലിറ്റർ, മട്ടാഞ്ചേരി 27, പള്ളുരുത്തി 19 എന്നിങ്ങനെയായിരുന്നു മഴയുടെ കഴിഞ്ഞ ദിവസത്തെ മഴയുടെ അളവ്.ഏറ്റവുമധികം മഴക്കെടുതികൾ ഉണ്ടായത് കളമശ്ശേരിയിലാണ്. കളമശ്ശേരി മൂലേപ്പാടത്തുൾപ്പെടെ താഴ്ന്ന ഭാഗങ്ങളിലെല്ലാം തന്നെ വെള്ളംകയറി. 400-ലധികം വീടുകളിലാണ് ഇതിനോടകം വെള്ളം കയറിയത്.നിരവധി നാശനഷ്ടങ്ങളും നിർത്താതെ ഉള്ള മഴയിൽ ഉണ്ടായി . .കനത്ത മഴയെ തുടർന്ന് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കീരേലിമല നിവാസികളാണ് ക്യാമ്പിലുള്ളത്. കനത്ത മഴയും , വെള്ളക്കെട്ടും കാരണം ജില്ലയിൽ ഗതാഗത കുരുക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് .
വെള്ളക്കെട്ടുകാരണം ഗതാഗതം സ്തംഭിച്ചതിനേത്തുടർന്ന് ദേശീയപാത കഴിഞ്ഞ ദിവസം പൂർണമായും നിശ്ചലമായ അവസ്ഥ വരെ ഉണ്ടായി . നടന്നുപോകാൻ പോലും സാധിക്കാത്തരീതിയിൽ ആണ് റോഡുകൾ വെള്ളത്തിനടിയിലായത് . അരൂർ-തുറവൂർ ദേശീയപാതയിൽ ചന്തിരൂരിനുസമീപം ലോറി താഴ്ന്നതിനേത്തുടർന്ന് 3 മണിക്കൂർ ഓളം ആയിരുന്നു ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത് . അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. എല്ലാ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഏത് സാഹചര്യവും നേരിടാൻ 24 മണിക്കൂറും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, ഫയർഫോഴ്സ് എന്നിവ എല്ലാ സമയങ്ങളിലും പൂർണ സജ്ജമാണെന്നും ,.കാലാവസ്ഥ മോശമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കളക്ടർ അറിയിച്ചു. തമ്മനം ശാന്തിപുരം കോളനിയിലെ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽനിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റും. കുന്നുംപുറം ഇടപ്പള്ളി നോർത്തിലും ക്യാമ്പ് ആരംഭിക്കും. തൃക്കാക്കര നോർത്തിൽ ഇതിനോടകം ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. 16 പേരാണ് നിലവിൽ ഈ ക്യാമ്പിലുള്ളത്.
വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപെട്ട് ഒരുവർഷം മുന്നേ വ്യവസായ വകുപ് മന്ത്രി പി രാജീവ് പറഞ്ഞത് ഇങ്ങനെയായിരുന്നു . മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്കരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡും കലുങ്കും നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി രണ്ട് കൽവെർട്ടുകളും റെയിൽവേ ഒരു കൽവെർട്ടും നിർമിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്വീകരിക്കും.ഇതായിരുന്നു മന്ത്രി യുടെ വാക്കുകൾ . 2023 സെപ്റ്റംബറിൽ കളമശ്ശേരി മൂലേപ്പാടം ബൈലൈൻ റോഡും പുതുക്കിപ്പണിത കലുങ്കും ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി പി. രാജീവ് ഇങ്ങനെ പറഞ്ഞത്.
മാത്രമല്ല കൊച്ചിയിലെ വെള്ളക്കെട്ട് പരിഹാരത്തിനായി തുടങ്ങിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയും ഫലം കണ്ടില്ല . സർക്കാർ 30 കോടി യോളം രൂപ അനുവദിച്ച പദ്ധതി ആയിരുന്നു ഓപ്പറേഷൻ ബ്രേക്ക് ത്രൂ .