കിരീടം സിനിമയിലെ സേതുമാധവനായി അമ്പിളി; ഗുണ്ടാത്തലവൻറെ പേരിൽ നിരവധി കേസുകൾ
രണ്ടു കൊലപാതകമുള്‍പ്പെടെ അൻപതോളം കേസുകളിലെ പ്രതിയാണ് ക്വാറി വ്യവസായി ദീപുവിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലായ സജികുമാറെന്ന ചൂഴാറ്റുകോട്ട അമ്ബിളി.
നേരത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങളും തിരുവനന്തപുരത്ത് നിത്യസംഭവങ്ങളായിരുന്നു. ആ സമയത്ത് ഒരു പ്രമുഖ ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്നു അമ്ബിളി. എന്തും ചെയ്യാൻ മടിക്കാത്ത ഒരുപറ്റം കൊടും ക്രിമിനലുകളും ഇയാളോടൊപ്പമുണ്ടായിരുന്നു.
കിരീടം എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രവുമായും അമ്പിളിക്ക് സാമ്യമുണ്ട് . എം.ജി. കോളേജില്‍നിന്ന് ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. റാങ്ക് ലിസ്റ്റിൽ പേര് വന്ന ആളാണ് സജികുമാർ എന്ന അമ്പിളി. അപ്പോളാണ് ഇയാൾ ഒരു കേസില്‍ പ്രതിയാകുന്നത്. ചാലക്കമ്ബോളത്തില് നടന്ന അക്രമസംഭവങ്ങളിലും പിന്നീട് ഇയാൾ പ്രതിയായി. തുടർന്ന് ഏഴുവർഷത്തോളം അമ്പിളി മുംബൈയിലായിരുന്നു. തിരിച്ച് നാട്ടിലെത്തി ജോലിയില്ലാതെ കഴിയുമ്ബോഴാണ് സ്പിരിറ്റ് കടത്തും ചാരായനിർമാണവും തൊഴിലാക്കി മാറ്റുന്നത്. മൂക്കുന്നിമല ആയിരുന്നു ഇവരുടെ അന്നത്തെ താവളം.
ചാരായത്തിന്റെ മൊത്ത, ചില്ലറ വില്‍പ്പനയ്ക്കായി ഒരു ഗുണ്ടാസംഘത്തെയും ഇയാൾ വളർത്തിയെടുത്തു. ഈ സംഘത്തിലുണ്ടായിരുന്ന മൊട്ട അനി അമ്ബിളിയുമായി പിന്നീട് തെറ്റി. ഇയാള്‍ ഒറ്റികൊടുത്തതോടെ ചാരായ വില്‍പ്പനയില്‍ വലിയ പണം നഷ്ടമുണ്ടായി. ഇതിനു പ്രതികാരമായി മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് അമ്പിളി.
കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന സോജുവിന്റെ സഹോദരീഭർത്താവാണ് മൊട്ട അനി. അനിയെ കൊലപ്പെടുത്താൻ അമ്ബിളിക്ക് കൂട്ടായി നിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. എന്തന്നാൽ പിന്നീട് ഈ പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടൻ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജൻ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയതും അമ്ബിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.
2001-ല്‍ കവർച്ച നടത്തിയതിന് നേമം സ്റ്റേഷനില്‍ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികള്‍ സജീവമായിരുന്നപ്പോള്‍ ചാരായ വില്‍പ്പന നിർത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു അമ്പിളി ജീവിച്ചിരുന്നത്.
അടുത്തകാലത്ത് അസുഖങ്ങൾ വന്നതോടെ അമ്പിളി അക്രമങ്ങളില്‍നിന്നു മാറിനിൽക്കുകയായിരുന്നു. അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്ബിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ ആകുന്നില്ല. കൊല്ലപ്പെട്ട ദീപുവുമായി അമ്ബിളിക്ക് സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്വറിയിലും, ദീപുവിന്റെ മലയിൻകീഴിലെ വീട്ടിലും ഇയാള്‍ സ്ഥിരം സന്ദർശകൻ ആയിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കാറിനുള്ളിൽ ക്വാറി വ്യവസായിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുകയാണ്. ദീപുവിനെ കൊലപ്പെടുത്തിയത് അമ്പിളി ഒറ്റക്കായിരിക്കില്ലെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. എന്നാൽ കൊലക്കുറ്റം സമ്മതിച്ച അമ്പിളി കാരണമായി പറയുന്നത് വിചിത്രമായാ കാര്യങ്ങളാണ്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊലനടത്തിയതെന്നാണ് മൊഴി. കടബാധ്യത മൂലം ജീവിതം പ്രതിസന്ധിയിലായ ദീപു , കുടുംബത്തിന് ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴി നൽകിയത്. ഇത് പൊലീസെന്നല്ല ആരും തന്നെ വിശ്വസിക്കുന്നില്ല.
അന്വേഷണം വഴി തെറ്റിക്കാനായുള്ള നീക്കമെന്നാണ് ഈ മൊഴിയെക്കുറിച്ച് പൊലിസ് കരുതുന്നത്. അതിനാൽ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിനിടെ അമ്പിളിയുടെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് അമ്പിളി തുടക്കം മുതൽ നൽകുന്നത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞു.
ഞായറാഴ്ച ക്രഷർ യൂണിറ്റിലെത്തി അമ്പിളി ദീപുവിനെ കണ്ട് ഗുണ്ടാപ്പിരിവ് ചോദിച്ചതായി പറയുന്നുണ്ട്. പക്ഷേ, യാത്രകളിലൊന്നും കൂടെ കൊണ്ടു പോകാത്ത അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയിൽ എന്തിന് ദീപു കൂടെക്കൂട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്. കരൾ രോഗവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊല നടത്താനാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പൊലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നതെന്നാണ് സംശയം. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പൊലീസ് കരുതുന്നു. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താൻ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ അമ്പിളി, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു. പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്നാട് പൊലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു.
6 വർഷത്തോളമായി അമ്പിളിക്കെതിരെ പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. പണമിടപാടുകൾ നടത്തിയാണ് അടുത്ത കാലത്ത് ഇയാൾ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പല കേസുകളിലും ശിക്ഷ അനുഭവിക്കുകയോ എഴുതിത്ത്ത്ത്തള്ളുകയോ ചെയ്തതോടെ ഇപ്പോൾ വളരെ ചുരുങ്ങിയ കേസുകൾ മാത്രമാണ് അമ്പിളിക്കെതിരെ നിലവിലുള്ളതെന്നും പൊലീസ് പറഞ്ഞു. കഴക്കൂട്ടം മുതൽ കളിയിക്കാവിള വരെ പടർന്ന് കിടക്കുന്ന ഗുണ്ടാ സംഘങ്ങൾ ഒരുകാലത്ത് നിര്‍ജീവമായിരുന്നെങ്കിലും, ഇപ്പോൾ അവരൊക്കെ പഴയ പ്രതാപകാലത്തില്ക്ക് തിരികെ പോകുന്ന കാഴ്ചയാണ് കാണാൻ ആകുന്നത്..