T20 World Cup 2024: എന്തിന് ഇന്ത്യയെ വിമര്‍ശിക്കുന്നു? അവര്‍ കളിച്ചു ജയിച്ചു, തുറന്നടിച്ച് ബട്ട്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ പല തരത്തിലുമുള്ള ആരോപണങ്ങളുമുന്നയിച്ച പാകിസ്താനില്‍ നിന്നുള്ള മുന്‍ താരങ്ങള്‍ക്കെതിരേ തുറന്നടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍ സല്മാന് ബട്ട്.
പാകിസ്താന്റെ മുന്‍ നായകന് ഇന്‍സമാമുള്‍ ഹഖുള്‍പ്പെടെ പലരും നേരത്തേ ഇന്ത്യന്‍ ടീമിനെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ ടീം ബോളില്‍ കൃത്രിമം കാണിച്ചതായും ഇതു കാരണമാണ് കളിയുടെ എല്ലാ ഘട്ടത്തിലും റിവേഴ്സ് ലഭിക്കുന്നതെന്നുമെന്നുമായിരുന്നു ഇന്‍സിയുടെ ആരോപണം. ഇതിനെ മറ്റൊരു മുന്‍ പാക് താരമായ സലീം മാലിക്ക് അനുകൂലിക്കുകയും ചെയ്തിരുന്നു.
പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടു ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ തലച്ചോര്‍ ഉപയോഗിച്ചു ചിന്തിക്കൂയെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. റിവേഴ്സ് സ്വിങ് തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നു പിന്നീട് ഇന്‍സിയും തിരിച്ചടിച്ചിരുന്നു. ഇത്തരം വാക്പോരിനിടെയാണ് ഇന്ത്യന്‍ ടീമിനെയും കിരീട വിജയത്തെയും പ്രശംസിച്ചു കൊണ്ട് ബട്ട് രംഗത്തു വന്നിരിക്കുന്നത്.
ഇന്ത്യയെ ടൂര്‍ണമെന്റില്‍ ഐസിസി വഴിവിട്ട് സഹായിച്ചതായും സെമി ഫൈനല്‍ ഗയാനയിലേക്കു മാറ്റിയതു ഇതിന്റെ തെളിവാണെന്നുമെല്ലാം നേരത്തേ ആരോപണങ്ങളുയര്‍ന്നിരുന്നു. കൂടാതെ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ 42 ബോളില്‍ 42 റണ്‍സ് വേണമെന്നിരിക്കെ പാകിസ്താന് ജയിച്ചിരുന്നെങ്കില്‍ ചിത്രമാകെ മാറുമായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഇത്തരം കാര്യങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമാണെന്നാണ് ബട്ടിന്റെ അഭിപ്രായം.
ഇന്ത്യക്കു ഗയാനയില്‍ മല്‍സരങ്ങള്‍ നല്കി ഐസിസി അവരെ സഹായിച്ചുവെന്ന തരത്തില്‍ ഒരുപാട് ആളുകള്‍ സംസാരിക്കുന്നതായി ഞാന്‍ കണ്ടിരുന്നു. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഞങ്ങള്‍ (പാകിസ്താന് ടീം) ജയിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളിലെല്ലാം ജയിച്ചേനെയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ വിജയിക്കുന്നതു ഞങ്ങള്‍ക്കു ഇഷ്ടമല്ല. ഇതു ലോകത്തിനു മുന്നില്‍ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുകയെന്നും ക്രിക്കറ്റ് ബൈത്തക്കെന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കവെ ബട്ട് വ്യക്തമാക്കി.
സാഹചര്യത്തെ നമ്മള് പ്രൊഫഷണലായി എടുക്കുകയാണെങ്കില്‍ ഇന്ത്യയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചത്. ക്രിക്കറ്റില്‍ അവരുടെ വഴികളെല്ലാം വളരെ ക്ലിയറാണ്. കോച്ചിങിന്റെ കാര്യത്തില്‍ ആയാലും നേതൃത്വത്തിന്റെ കാര്യത്തിലായാലും റോളുകളുടെ കാര്യത്തില്‍ അവര്‍ക്കു വ്യക്തതയുണ്ട്. ബെഞ്ചിലിരിക്കുന്നവരുടെ ശക്തി വര്‍ധിപ്പിക്കുന്ന കാര്യത്തിലും കടന്നുപോവേണ്ട സിസ്റ്റത്തെക്കുറിച്ചും ഇന്ത്യക്കു വ്യക്തതയുണ്ടെന്നും സല്മാന് ബട്ട് വിശദീകരിക്കുന്നു.
സിംബാബ്വെ പര്യടത്തിനു വേണ്ടി ഒരു യുവ ക്യാപ്റ്റനു കീഴില്‍ യുവതാരങ്ങളെ മാത്രം അണിനിരത്തിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തണവണ അവര്‍ (ഇന്ത്യ) ഓസ്ട്രേലിയയുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്ബരയാണ് കളിക്കാനൊരുങ്ങുന്നത്. ഇതിനു മുമ്ബ് ഓസ്ട്രേലിയയില്‍ ചതുര്‍ദിന ക്രിക്കറ്റ് കളിക്കാന്‍ എ ടീമിനെയും ഇന്ത്യ അയക്കാന്‍ പോവുകയാണന്നും ബട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്ബോള്‍ അപ്രധാനമായ കാര്യങ്ങളാണ് പാകിസ്താന് ചെയ്യാറുള്ളതെന്നു അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ ഉചിതമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ പാകിസ്താന് നേരെ തിരിച്ചാണ്. ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളും പ്ലാനിങുമെല്ലാം അപ്രസക്തമായവയാണ്. ബംഗ്ലാദേശുമായി നമുക്കു പരമ്ബരയുണ്ട്. ബംഗ്ലാദേശിനെതിരേ തന്നെ ഓസ്ട്രേലിയയിലെ ഡാര്‍വിനില്‍ ചതുര്‍ദിന മല്‍സരവും പാകിസ്താന് കളിക്കാന്‍ പോവുകയാണെന്നു ബട്ട് പരിഹസിച്ചു.
2022ലെ ടി20 ലോകകപ്പിലെ റണ്ണറപ്പായ പാകിസ്താന് ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവുകയായിരുന്നു. ഗ്രൂപ്പു ഘട്ടത്തില്‍ ഇന്ത്യയോടു മാത്രമല്ല കുഞ്ഞന്‍ ടീമായ അമേരിക്കയോടും അവര്‍ക്കു പരാജയം നേരിട്ടു.