ഗുണ്ടകളോട് തോന്നിയ ആരാധന അവസാനിച്ചത് കൊലപാതകത്തിൽ; ഗുണ്ടാപ്പകയുടെ കഥ പറയുന്ന മലയാളം സിനിമ സുനിൽകുമാർ കണ്ടത് നിരവധി തവണ
ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാർ വളരെ നാടകീയമായിട്ടാണ് തമിഴ്നാട് പോലീസിനു മുന്നിൽ കീഴടങ്ങിയത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍ കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത് എന്നും പറയുന്നുണ്ട്. കൊലപാതകം ചെയ്യുന്നതിന് വേണ്ടിയാണെന്ന് അറിയാതെയാണ് സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലയ്ക്ക് ശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ നല്‍കിയതെന്ന് ഇയാള്‍ പോലീസിനു മൊഴിനല്‍കി.
മൂന്നുദിവസമായി തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി തിരച്ചില്‍ നടത്തി വരുമ്പോളാണ് ഞായറാഴ്ച രാത്രി സുനില്‍കുമാർ വക്കീലുമായി കളിയിക്കാവിള പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ശനിയാഴ്ച രാവിലെ സുനില്‍കുമാറിന്റെ കാർ കുലശേഖരത്തിനു സമീപത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് കേരളത്തിനും തമിഴ്നാടിനും പുറമേ കർണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിരുന്നു.
സുനില്‍കുമാറിനെ പ്രത്യേക അന്വേഷണസംഘം മാർത്താണ്ഡത്തെ രഹസ്യകേന്ദ്രത്തില്‍ ഇപ്പോൾ ചോദ്യംചെയ്തുവരികയാണ്. ഏഴുമാസം മുൻപാണ് ഒന്നാം പ്രതിയായ ചൂഴാറ്റുവിള സജികുമാറുമായി ബന്ധപ്പെടുന്നതെന്ന് ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. ഗ്ലൗസും ബ്ലേഡുമടക്കമുള്ള ഉപകരണങ്ങള്‍ താൻ വാങ്ങിനല്കിയതാണെന്നു സമ്മതിച്ച ഇയാള്‍ പക്ഷേ, ഇതെന്തിനുവേണ്ടിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, അന്വേഷണസംഘം ഈ മൊഴികള്‍ കണക്കിലെടുത്തിട്ടില്ല. തനിക്കു വസ്ത്രങ്ങള്‍ വാങ്ങിനല്കുകയും അന്നേദിവസം കളിയിക്കാവിളയില്‍ കാറില്‍ എത്തിക്കുകയും ചെയ്തത് സുനില്‍കുമാറാണെന്ന് സജികുമാർ നേരത്തെ തന്നേ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. കളിയിക്കാവിളയില്‍ എത്തിയ ശേഷമാണ് കൊലപാതകം നടത്താൻ പോകുന്നതായി സജികുമാർ സുനില്‍കുമാറിനോടു പറഞ്ഞതെന്നും താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ തന്നെയും കൊലപ്പെടുത്തുമെന്ന് സജികുമാർ ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പോലീസിനോടു പറഞ്ഞു. സജികുമാറും നേരത്തെ പിടിയിലായ മറ്റൊരു പ്രതിയായ പ്രവീണ്‍ ചന്ദ്രനും നല്കിയ മൊഴികള്‍ സുനില്‍കുമാറിന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സുനില്‍കുമാറിനെ ഈ കേസിലെ പ്രധാനപ്രതിയുമായി അടുപ്പിച്ചത് ഗുണ്ടകളോടുള്ള ആരാധനയാണെന്നാണ് കരുതുന്നത്. വെങ്ങാനൂരിന് സമീപം പൂങ്കുളം സ്വദേശിയായ സുഹൃത്തുവഴി ഏഴുമാസം മുമ്ബാണ് സുനില്‍കുമാർ കേസിലെ പ്രധാന പ്രതിയായ ചൂഴാറ്റുകോട്ട സജികുമാറുമായി ബന്ധപ്പെടുന്നത്.
ഗുണ്ടകളുടെ സാഹസിക കഥകള്‍ ഒരുപാട് ഇഷ്ടമുള്ള സുനില്‍ കുമാർ ഇയാളുടെ പഴയ കഥകള്‍ കേള്‍ക്കുന്നത് പതിവാക്കിയിരുന്നു. ഈ സൗഹൃദം പെട്ടെന്ന് വളരുകയും ഇരുവരും തമ്മില്‍ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ചെയ്തു. തിരുവനന്തപുരത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ഒരു മലയാള ചലച്ചിത്രം നിരവധി തവണ കണ്ടതായും ഇതാണ് സജികുമാറിന്റെ കഥകളോട് തനിക്ക് കൂടുതൽ താല്പര്യം തോന്നാൻ കാരണമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇരുവരും തമ്മിൽ മദ്യം കഴിച്ച് കൊണ്ടിരുന്ന ഒരു അവസരത്തിലാണ് ദീപുവിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് സുനില്‍കുമാറിനോട് താൻ ആദ്യമായി വെളിപ്പെടുത്തിയതെന്ന് സജികുമാർ എന്ന അമ്പിളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എസ് ഐ ടെസ്റ്റ് എഴുതി നിയമനം കാത്തിരുന്ന അമ്പിളി, ഒരു അടിപിടിയിൽ പങ്കാളിയാവുകയും, തുടർന്ന് നഗരം വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാ ആയി മാറുകയും ചെയ്ത കഥ സുനിൽകുമാറിനെ അമ്പിളിയുടെ കടുത്ത ആരാധകൻ ആക്കി മാറ്റുകയായിരുന്നു. ആ ആരാധന ഇപ്പോൾ ഇരുവരെയും ഒരു കൊലപാതകക്കേസിലെ കൂട്ടുപ്രതികൾ ആക്കി മാറ്റിയിരിക്കുകയാണ്.