മാവോയിസ്റ്റ് മേഖലയിൽ അടിച്ച് കയറി കേരളാ പൊലീസ്; പ്രതിയെ തൂക്കിയെടുത്ത് ആക്ഷൻ ഹീറോ ഷിജുവും സംഘവും
അതിഥിത്തൊഴിലാളികള്‍ക്കടക്കം വില്‍ക്കുന്നതിനായി അരൂരില്‍ എത്തിച്ച 20 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രധാന പ്രതിയെ ഒഡിഷയിലെ മാവോയിസ്റ്റ് മേഖലയിൽ കടന്നു ചെന്ന് അരൂർ പോലീസ് പിടികൂടി.
ഈ മാസം 18ന് അരൂർ ക്ഷേത്രം ജംഗ്ഷന്റെ കിഴക്കുവശം വാടകവീട്ടിൽ നിന്നും അരൂർ പോലീസ് ഒറീസ സ്വദേശികളായ രണ്ടുപേരിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൻറെ അന്വേഷണത്തിനാണ് കേരളാ പോലീസ് ഒഡീഷയിലെത്തിയത്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിൽ പ്രധാനിയായ ദമ്പാറു ഹെയിൽ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഒഡീഷയിലെ റായിഗഡ് ജില്ല കേന്ദ്രീകരിച്ച് കൃഷി നടത്തി, കേരളത്തിലേക്കും മറ്റും കഞ്ചാവ് കയറ്റി അയക്കുന്നതിൽ പ്രധാനിയെയാണ് പിടികൂടിയത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 3 മാസമായി ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്നു എന്നുള്ളതാണ് ലഭിച്ച വിവരം. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള ഈ മേഖലയിൽ നിന്നും അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്യാംജിത്ത്, വിജേഷ്, ഷുനൈസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അരൂരില്‍ കഞ്ചാവ് പിടിച്ച കേസില്‍ ഒഡിഷ റിച്ചാപുർ സ്വദേശി ലക്ഷ്മണ് , അംബോഡല സ്വദേശി വിജേന്ദ്ര എന്നിവരെ കഴിഞ്ഞ മാസം 18-ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യുമ്പോളാണ് കഞ്ചാവ് കടത്തിലെ പ്രധാന കണ്ണിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. അതിന് പിന്നാലെയാണ് പിടിയിലായ ലക്ഷ്മണെയും കൂട്ടി ഒഡിഷയിലെത്തി സാഹസികമായി ദമ്ബാറു ഹെയ്ലിനെ പിടികൂടിയത്. റായ്ഗഢ് ജില്ലയിലെ വന മേഖലയോടു ചേർന്ന് കഞ്ചാവുകൃഷി ചെയ്യുന്ന ഇയാള്‍ മൂന്നുമാസമായി വൻതോതില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂട്ടുപ്രതികളുടെ സഹായത്തോടെ കഞ്ചാവ് കടത്തുകയായിരുന്നു.
മേയ് മാസം കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി പിടിയിലായ അതിഥിത്തൊഴിലാളിയിൽ നിന്നുമെടുത്ത മൊഴിയാണ് ഈ വലിയ കഞ്ചാവ് വേട്ടയിലേക്ക് പോലീസിനെ നയിച്ചത്. കിട്ടിയ വിവരം െവച്ച് പോലീസ് ദിവസങ്ങളായി തുടർന്ന കാത്തിരിപ്പിനു പിന്നാലെയാണ് ജൂണ്‍ 18-ന് 20.5 കിലോഗ്രാം കഞ്ചാവ് പിടിച്ചത്.
ഒഡിഷയില്‍നിന്ന് ട്രോളി ബാഗില്‍ കഞ്ചാവ് നിറച്ച് യാത്രക്കാരനെന്ന വ്യാജേന തീവണ്ടിയിലെത്തി താൻ വാടകയ്ക്ക് താമസിക്കുന്ന അരൂർ അമ്ബലത്തിന്റെ കിഴക്കുഭാഗത്തെ വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മണെ പോലീസ് പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന വിജയേന്ദ്രയെയും പോലീസ് പിടികൂടി. അതിന്റെ തുടർച്ചയായുള്ള അന്വേഷണമാണ് ഏറെ സാഹസികമായത്. ജൂണ്‍ 26-ന് റോഡുമാർഗം അരൂർ എസ്.എച്ച്.ഒ. പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയ്ക്ക് യാത്ര തിരിച്ചു.
1800 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റായ്ഗഢ് ജില്ലയിലെത്തിയ ഇവർ ആ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ അറിയിച്ചു. എന്നാൽ വനമേഖലയോട് അടുത്തുള്ള ഈ താഴ്വാരം മാവോവാദി മേഖലയാണ് എന്നാണ് അവിടുത്തെ പോലീസ് അറിയിച്ചത്. എന്നാൽ പ്രതി തങ്ങളുടെ കണ്മുന്നിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ഇൻസ്പെക്ടർ ഷിജുവും സംഘവും സാഹസികമായി മാവോയിസ്റ്റ് മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ മുന്നിലെത്തിയ കേരള പോലീസിനെ കണ്ട ദമ്പാറുവിന് രക്ഷപെടാൻ പഴുതുകൾ ഒന്നും ഉണ്ടായിരുന്നില്ല. പൊലീസിന് മുന്നില്‍ കീഴടങ്ങാൻ മാത്രമേ ദമ്ബാറുവിനായുള്ളു.
ഇയാൾ കസ്റ്റഡിയിൽ ആയതോടെ അധികനേരം പ്രദേശത്ത് തങ്ങുന്നത് അപകടമാണെന്നു പോലീസ് ടീമിന് മനസ്സിലായി. ഏതു നിമിഷവും ഒരു കൂട്ടായ ആക്രമണം ഉണ്ടാകുമെന്ന് അവർക്ക് അറിയാമായിരുന്നു. ഉടനെ തന്നെ പോലീസ് സംഘം പ്രതിയെയും കയറ്റി, 1800 കിലോമീറ്റർ നിർത്താതെ വീണ്ടും തിരികെ വാഹനം ഓടിക്കുകയായിരുന്നു. പിന്നീട് പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡിൽ ഏറ്റുവാങ്ങി.
എസ എച് ഓ ഷിജു നേരത്തെയും പല പ്രമാദമായ കേസുകളും തെളിയിച്ചിട്ടുള്ള ഓഫീസർ കൂടിയാണ്. പ്രതികളെ പിടികൂടാനായി സാഹസികമായ ഓപ്പറേഷനുകൾ നടത്തുന്നതിൽ വിദഗ്ദനുമാണ് ഇദ്ദേഹം. പലപ്പോളും തങ്ങളുടേത് അല്ലാത്ത കുറ്റത്തിന് പോലും പഴി കേൾക്കുന്ന കേരളത്തിലെ പോലീസ് സേനക്ക് അഭിമാനം പകരുന്ന പല നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്നത് ഇത്തരം പോലീസുകാരിലൂടെയാണ്.
ഈ ഓപ്പറേഷനിൽ അദ്ദേഹത്തിന്റെ ടീമിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്യാംജിത്ത്, വിജേഷ്, ഷുനൈസ് എന്നിവർക്കും അഭിനന്ദനങ്ങൾ. സിനിമയിൽ മാത്രമല്ല ആക്ഷൻ ഹീറോ ബിജുവും, കണ്ണൂർ സ്ക്വാഡും ഒക്കെ ഉണ്ടാകുന്നത്. യഥാർത്ഥ പോലീസ് സ്റ്റോറിയിലെ റെക്കോര്‍ഡുകളിലും അരൂർ സ്ക്വാഡും ആക്ഷൻ ഹീറോ ഷിജുവും ഒക്കെ ഉണ്ടാകും.