ഇന്ത്യൻ ഓവര്‍സീസ് ബാങ്കില്‍ 180 കോടി രൂപയുടെ വായ്പ കുടിശിക; വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു
മുംബൈ: ഇന്ത്യൻ ഓവർസീസ് ബാങ്കുമായി (ഐഒബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയ കേസില്‍ പ്രമുഖ വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്പി നായിക് നിംബാല്‍ക്കറുടെതാണ് ഉത്തരവ്.
കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂർവം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 2007-12 കാലഘട്ടത്തില്‍ ബാങ്കില്‍ നിന്ന് കിംഗ്ഫിഷർ എയർലൈൻസ് നേടിയ വ്യ്പ വകമറ്റിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലാണ് വാറന്റ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒളിവില്‍ പോയ വിജയ് മല്യയെ സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടനിലുള്ള മല്യയെ വിട്ടു കിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്. പല കേസുകളില്‍ പ്രതി ചേർക്കപ്പെട്ട 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്.