ട്രംപുമായുള്ള സംവാദം നടക്കുമ്ബോള്‍ രോഗബാധിതൻ; പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ -ജോ ബൈഡൻ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താനാണ് ഏറ്റവും യോഗ്യനാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണള്‍ഡ് ട്രംപുമായി നടന്ന സംവാദം ഒരു കറുത്ത അധ്യായമായി കരുതുന്നുവെന്നും രോഗബാധിതനായതിനാല്‍ ആ സമയത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെന്നും എ.ബി.സി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ബൈഡൻ പറഞ്ഞു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തും. തനിക്കു മാത്രമേ അതിനു സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമേ ഇനി തന്നെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ബൈഡൻ പറഞ്ഞു.
ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നവും ഇപ്പോഴില്ല. മത്സരിക്കാൻ ഫിറ്റാണ്. ട്രംപുമായുള്ള സംവാദത്തിന്റെ തലേന്ന് നന്നേ ക്ഷീണിതനായിരുന്നു. സംവാദത്തിന് തയാറെടുക്കാൻ അത് ബാധിച്ചു. കടുത്ത ജലദോഷവും ഉണ്ടായിരുന്നു. ഡെമോക്രാറ്റ് നേതാക്കള്‍ മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞതായും ബൈഡൻ അഭിമുഖത്തില്‍ എടുത്തു പറഞ്ഞു.
ട്രംപുമായുള്ള സംവാദത്തില്‍ പതറിപ്പോയ ബൈഡനെതിരെ വ്യാപക വിമർശനമാണുയർന്നത്. ബൈഡനെ മാറ്റി കമല ഹാരിസിനെ സ്ഥാനാർഥിയാക്കണമെന്നും അവർക്കാണ് കൂടുതല്‍ വിജയസാധ്യതയെന്നും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നും റിപ്പോർട്ടുകള്‍ വന്നു.