ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കണമെന്ന് ഇടത് നേതാവ് ജീൻ ലൂക്ക് മെലൻചോണ്‍
പാരീസ്: ഫ്രാൻസില്‍ നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം (എൻ.എഫ്.പി) അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതിന് പിന്നാലെ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന നിലപാട് ആവർത്തിച്ച് ഇടത് നേതാവ് ജീൻ ലൂക്ക് മെലൻചോണ്‍.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം, ഇടത് സഖ്യത്തില്‍ നിന്ന് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
‘ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കണം. ഈ വംശഹത്യയെ ലോകം മുഴുവൻ അപലപിക്കണം’ -ജീൻ ലൂക്ക് മെലൻചോണ്‍ പറഞ്ഞു. ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്നത് എന്‍.എഫ്.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇടത് സഖ്യത്തിന്റെ മുന്നേറ്റത്തിനു പിന്നാലെ വിജയാഘോഷത്തില്‍ ഫലസ്തീന് പതാകയും ഉയര്‍ത്തിയിരുന്നു.
അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പിനുമുമ്ബ് ഏറക്കുറെ ഉറപ്പിച്ച തീവ്ര വലതുകക്ഷിയായ നാഷനല്‍ റാലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. എന്നാല്‍, ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ സഖ്യമായ എൻസെംബിള്‍ ആണ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇവരുമായി സഖ്യംചേർന്നാലേ അധികാരത്തിലെത്തുക സാധ്യമാകൂ.
577 അംഗ പാർലമെന്റില്‍ 289 സീറ്റാണ് ഭൂരിപക്ഷത്തിനുവേണ്ടത്. ഇടത് സഖ്യം 182 സീറ്റാണ് നേടിയത്. പ്രസിഡന്റ് മാക്രോണിന്റെ എൻസെംബിള്‍ സഖ്യത്തിന് 168 സീറ്റും മരീൻ ലീ പെന്നിന്റെ നാഷനല്‍ റാലിക്ക് 143 സീറ്റും ലഭിച്ചു. റിപ്പബ്ലിക്കൻ കക്ഷികളും മറ്റ് വലതുപാർട്ടികളും ചേർന്ന് 60 സീറ്റും മറ്റ് ഇടതുപാർട്ടികള്‍ 13ഉം മറ്റുള്ളവർ 11 സീറ്റും നേടി.
പുതിയ സർക്കാറുണ്ടാക്കാൻ ഇടതുസഖ്യം അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഈയാഴ്ച ഒടുവില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് ന്യൂ പോപുലർ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒരാഴ്ച മുമ്ബ് നടന്ന ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിലും മുന്നിട്ടുനിന്ന തീവ്ര വലതുകക്ഷിയെ അധികാരത്തില്‍നിന്നകറ്റാൻ ഇടതു സഖ്യവും മധ്യപക്ഷവും തന്ത്രപൂർവം നീങ്ങിയതാണ് അപ്രതീക്ഷിത ഫലത്തിന് കാരണം.
അതേസമയം, ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഫലത്തില്‍ മുന്‍ ഇസ്രായേല്‍ മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ യിസ്രായേല്‍ ബെയ്തെനു നേതാവുമായ അവിഗ്ദോര്‍ ലിബര്മാന് നിരാശ പരസ്യമാക്കി. ഫ്രാന്‍സിലുള്ള ജൂതന്മാരോടെല്ലാം ഒട്ടും താമസിയാതെ ഇസ്രായേലിലേക്കു കുടിയേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എൻ.എഫ്.പി നേതാവ് ജീൻ ലൂക്ക് മെലൻചോണ്‍ ജൂതന്മാര്ക്കും ഇസ്രായേലിനുമെതിരായ പ്രസ്താവനകള്‍ക്കു പേരുകേട്ടയാളാണ്. തനി സെമിറ്റിക് വിരുദ്ധത കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. ഇസ്രായേലിനോട് കടുത്ത വിദ്വേഷവും പുലര്‍ത്തുന്ന പാര്‍ട്ടിയാണിതെന്നും ലിബര്മാന് ചൂണ്ടിക്കാട്ടി.