പൂജാ ഖേഡ്കര് ട്രാഫിക് നിയമം കാറ്റില്‍ പറത്തിയത് 21 തവണ ; 27,000 രൂപ പിഴയിട്ടു ഗതാഗതവകുപ്പ്
 
			    	    യുപിഎസ്സി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിലൂടെ വിവാദം പിടിച്ച മഹാരാഷ്ട്രയിലെ വിവാദ ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേഡ്കറിന് പുറകേ പുറകേ പുലിവാലുകള്.
അനധികൃത റെഡ് ബീക്കണ്‍ ലൈറ്റുകളും തന്റെ സ്വകാര്യ ഔഡി സെഡാനില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന സ്റ്റിക്കറും ഉപയോഗിച്ചതും ഉള്‍പ്പെടെയുള്ള അധികാര ദുര്‍വിനിയോഗം ആരോപിക്കപ്പെട്ട വിവാദ നായികയ്ക്ക് എതിരേ 21 ലധികം ഗതാഗത ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളും.
അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഇതില്‍ പെടുന്നു. ഗതാഗത നിയമലംഘനത്തിന് 27,000 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് പൂജ ഖേദ്കറിന് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പൂനെ ട്രാഫിക് പോലീസിന്റേതാണ് നടപടി. ”നിങ്ങളുടെ സ്വകാര്യ വാഹനത്തിന് മുന്നിലും പിന്നിലും ‘മഹാരാഷ്ട്ര ഗവണ്മെന്റ്’ എന്ന് എഴുതിയിട്ടുണ്ടെന്നും ബീക്കണ്‍ ലൈറ്റ് ഉറപ്പിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി.” നോട്ടീസില്‍ പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് പൂനെയിലെ അവരുടെ വീട്ടിലെത്തി വസതിയിലെത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്.
 
			    					         
								     
								    













