അമീറുളിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി.
പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ജസ്റ്റിസുമാരായ ബി ആര് ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വഴി എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ശിക്ഷയിളവ് പരിഗണിക്കുന്ന റിപ്പോര്‍ട്ടിലേക്കുള്ള വിവരങ്ങള്‍ക്കായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അമീറുള്‍ ഇസ്ലാമുമായി കൂടിക്കാഴ്ച നടത്താന്‍ അപ്ലൈഡ് സൈക്കോളജിസ്റ്റായ നൂറിയ അന്‍സാരിക്ക് കോടതി അനുമതി നല്കി. പൊലീസോ ജയില്‍ അധികൃതരോ ഇല്ലാതെ വേണം കൂടിക്കാഴ്ച നടത്താന്‍. ഭാഷാ സഹായത്തിന് നൂറിയക്ക് ഒരാളെ കൂട്ടാം. റിപ്പോര്‍ട്ട് 12 ആഴ്ചയ്ക്കകം കോടതിക്ക് നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.