ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവച്ച ഭാഗങ്ങള്‍ പുറത്തുവിടണമെന്ന് ശോഭാ സുരേന്ദ്രന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൂഴ്ത്തിവച്ച ഭാഗങ്ങള്‍ കൂടി പുറത്തുവിടണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പലരെയും രക്ഷിക്കാനുള്ള നീക്കമാണ് മന്ത്രി സജി ചെറിയാന് നടത്തുന്നത്. ഇത്രയും ഗുരുതരമായ റിപ്പോര്‍ട്ട് ഉണ്ടായിട്ടും അത് പുറത്തുവിട്ട് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തതിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ട്.
റിപ്പോര്‍ട്ട് പുറത്ത് വിടാതിരിക്കുന്നതിന് മന്ത്രി സജി ചെറിയാന് എന്ത് കിട്ടിയെന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സാംസ്കാരിക മന്ത്രി വിവരാവകാശ കമ്മിഷണറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷണര്‍ എ. ഹക്കീം തന്റേടം കാട്ടിയതായും അവര്‍ പറഞ്ഞു. ഭരണഘടനയെ അംഗീകരിക്കാത്ത സാംസ്കാരിക മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പോരാട്ടം നടത്തുന്ന സ്ത്രീകൂട്ടായ്മക്കൊപ്പം കേരള സമൂഹം ഒറ്റക്കെട്ടായി ഉണ്ട്. പോരാട്ടവീര്യവുമായി അവര്‍ മുന്നോട്ട് പോകണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. സിനിമക്കാര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കുണ്ടോയെന്നും ശോഭ ചോദിച്ചു.