കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പോലും വീട് പൊളിക്കുന്നത് എങ്ങനെ?; ‘ബുള്‍ഡോസര്‍ രാജി’ല്‍ സുപ്രീം കോടതി
രാജ്യത്ത് വിവിധയിടങ്ങളില്‍ അധികാരികള്‍ ബുള്‍ഡോസർ ഉപയോഗിച്ച് വീട് പൊളിക്കുന്ന നടപടിയില്‍ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.
കേസില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ അയാളുടെ വീട് പൊളിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ “ബുള്‍ഡോസർ നടപടികളെ” ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബിആർ ഗവായ് , കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ച്.
കുറ്റാരോപിതനായതുകൊണ്ട് മാത്രം ഒരാളുടെ വീട് എങ്ങനെ പൊളിക്കും? കുറ്റക്കാരനായാലും അത് പൊളിക്കാൻ കഴിയില്ല – ജസ്റ്റിസ് ഗവായ് പറഞ്ഞു. അനധികൃത നിർമാണങ്ങള്‍ കോടതി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഗവായ് എന്നാല്‍ ഇക്കാര്യത്തില്‍ ചില മാർഗനിർദേശങ്ങള്‍ ആവശ്യമാണെന്നും വ്യക്തമാക്കി. പാൻ ഇന്ത്യ അടിസ്ഥാനത്തില്‍ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
‘ഒരു പിതാവിന് അനുസരണയില്ലാത്ത ഒരു മകനുണ്ടാകാം. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ വീട് പൊളിക്കുകയാണെങ്കില്‍…? അങ്ങനെയല്ല ചെയ്യേണ്ടത്” – ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.
നിയമലംഘനം നടക്കുമ്ബോള്‍ മാത്രമാണ് വീടുകള്‍ പൊളിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം. നിയമ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ മുനിസിപ്പല്‍ നിയമം അനുസരിച്ച് മാത്രമേ കെട്ടിടങ്ങള്‍ പൊളിക്കാറുള്ളൂ എന്നും തുഷാർ മേത്ത പറഞ്ഞു. എന്നാല്‍ പരാതികള്‍ പരിശോധിക്കുമ്ബോള്‍ ഈ നടപടിയില്‍ പിഴവ് സംഭവിച്ചതായി തോന്നുന്നുണ്ടെന്ന് കോടതി ഇതിന് മറുപടി നല്കി.
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് പാൻ ഇന്ത്യ അടിസ്ഥാനത്തില്‍ മാർഗരേഖ ആവശ്യമാണെന്നും ജസ്റ്റിസ് വിശ്വനാഥൻ നിരീക്ഷിച്ചു.