മുഖ്യമന്ത്രി കസേരയ്ക്കായി ഹരിയാന ബിജെപിയില്‍ തര്‍ക്കം രൂക്ഷം
നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹരിയാന ബിജെപിയില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേർ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
മുതിർന്ന നേതാവായ അനില്‍ വിജ്, കേന്ദ്ര മന്ത്രി റാവോ ഇന്ദ്രജിത്ത് സിങ് എന്നിവരാണ് ആവശ്യമായി രംഗത്തെത്തിയത്.
പാർട്ടിയിലെ മുതിർന്ന നേതാവാണ് താൻ എന്നും ആറ് തവണ എം എല്‍ എയായ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് അനില്‍ വിജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ‘ഏഴാം തവണയും ഞാൻ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്. താൻ ഇതുവരേയും പാർട്ടിയില്‍ നിന്നും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഹരിയാനയിലെ ജനങ്ങളും എന്റെ മണ്ഡലത്തിലെ ഞങ്ങളും എന്നെ സന്ദർശിച്ചിരുന്നു. ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശം ഉന്നയിക്കും’, എന്നാണ് അനില്‍ വിജ് പറഞ്ഞത്.
തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഇന്ദ്രജിത്ത് സിങ് പറഞ്ഞത്.’നവാബ് സിങ് സൈനിയെ ആണ് അമിത് ഷാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആ പാർട്ടി തീരുമാനത്തിനൊപ്പം ഞങ്ങള്‍ നില്ക്കും. എന്നാല്‍ ജനങ്ങള്‍ എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ട്. ഇത് എന്റെ വ്യക്തിപരമായ താത്പര്യമല്ല. ജനങ്ങളുടെ ആഗ്രഹമാണ്’, എന്നാണ് അദ്ദേഹം പറഞ്ഞു.
എന്നാല്‍ നേതാക്കളുടെ ആവശ്യങ്ങള്‍ തള്ളുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന് .ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നയാബ് സിങ് സൈനിയെ തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രധാൻ പറഞ്ഞു.