ഫുട്ബോള്‍ മത്സരത്തിനിടെ മകന് ചുവപ്പുകാര്‍ഡ്, പിന്നാലെ ഗ്രൗണ്ടില്‍ കുട്ടികള്‍ക്ക് മുന്നില്‍ വടിവാളുമായി അച്ഛന്റെ ഭീഷണി
ഫുട്ബോള്‍ മത്സരത്തിനിടെ മകന് ചുവപ്പുകാര്‍ഡ് കിട്ടിയതില്‍ പ്രകോപിതനായി അച്ഛന്റെ വക ഭീഷണി പ്രകടനം. മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
16 വയസില്‍ താഴെയുള്ള കുട്ടികളുടെ കളിക്കിടെ കുട്ടികള്‍ക്ക് മുന്നിലായിരുന്നു അച്ഛന്റെ പ്രകടനങ്ങള്‍. മകനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയതില്‍ പ്രകോപിതനായ പിതാവ് വടിവാളുമായി ചോദിക്കാനെത്തുകയായിരുന്നു.
കുട്ടികളുടെ പരാതിയില്‍ മൂവാറ്റുപുഴ പ്ലാമൂട്ടില്‍ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാറാടിയിലാണ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫുട്ബോള്‍ മത്സരം നടന്നത്. കളിക്കിടെ ഫൗള്‍ ചെയ്തതിനു ഹാരിസിന്റെ മകനെ റെഡ് കാര്‍ഡ് നല്കി റഫറി പുറത്താക്കി. എന്നാല്‍ കുട്ടി കളിക്കളത്തില്‍ നിന്നു പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി ആരംഭിക്കുകയായിരുന്നു. പിന്നാലെ മകന് ഹീരിസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
മൂവാറ്റുപുഴയിലെ മുതിര്‍ന്ന മുസ്ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്. വടിവാളുമായി എത്തിയ ഇയാള്‍ കളി തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. വടിവാള്‍ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികള്‍ പരാതി നല്‍കിയതോടെയാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.