നിമിഷപ്രിയയുടെ ജീവനുപകരം അഞ്ചുകോടി യെമനി റിയാൽ ദയാധനമായി നൽകണമെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ
സന: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യെമനി പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ (Nimisha Priya case) ദയാധനമായി യുവാവിൻ്റെ ബന്ധുക്കൾ അഞ്ചുകോടി യെമനി റിയാൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള നിയമപരമായ സാധ്യത യെമൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിലവിലുണ്ട്. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടാണ് കൊല്ലപ്പെട്ട തഹ്ല് അബ്ദോ മഹ്ദിയുടെ കുടുംബത്തിൻ്റെ നിലപാട് അറിയിച്ചത്. റംസാൻ മാസം അവസാനിക്കുന്നതിന് മുൻപ് തുക നൽകുകയാണെങ്കിൽ മാത്രമേ മാപ്പ് നൽകാൻ തയ്യാറാകുകയുള്ളൂ എന്നാണ് തലാലിൻ്റെ ബന്ധുക്കൾ അറിയിച്ചത്.
നിമിഷ പ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ “സേവ് നിമിഷ പ്രിയ“ എന്നപേരിൽ ഒരു ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫാണ് ഈ ആക്ഷൻ കൗൺസിലിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനുള്ള തീരുമാനം ആക്ഷന്‍ കൗണ്സിലിനമ്ന്റ്റേതായിരുന്നു.
തലാലിൻ്റെ കുടുംബം ചർച്ചയ്ക്ക് തയ്യാറായ സ്ഥിതിയ്ക്ക് അവരുമായി കൂടുതൽ ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ അബ്ദോ മഹ്ദി കൊല്ലപ്പെട്ടത്. തലാലിനെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ നഴ്സായി ജോലി നോക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. പിന്നീട് അപ്പീൽ കൊടതി ഈ വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു.
Story Highlight: Nimisha Priya case: Family of deceased Yemen national demands blood money of 5 million Yemeni Rial