രഹസ്യകേന്ദ്രത്തിലെന്ന് സൂചന; ദിവ്യയ്ക്ക് ഒളിക്കാൻ പൊലീസിന്റെ മറ
നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടും പി.പി. ദിവ്യയെ തൊടാത്ത പൊലീസിന്റെ കള്ളക്കളിയില്‍ പ്രതിഷേധം ശക്തം. അറസ്റ്റ് വൈകിപ്പിക്കാൻ പലകേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കത്തിന് പൊലീസും കുടപിടിക്കുന്നു എന്നാണ് ആക്ഷേപം. ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്നലെ പരിഗണിച്ചില്ല. ഇന്ന് അവധി. നാളെ പരിഗണിച്ചേക്കാം. കോടതി അപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയിലാവും ദിവ്യ പോവുക. ജാമ്യമില്ലാക്കുറ്റമായിട്ടും കോടതി തീരുമാനം വരുംവരെ ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് വ്യക്തം.
നവീൻബാബു ജീവനൊടുക്കിയതില്‍ ദിവ്യയുടെ പങ്ക് പുറത്തുവന്നതു മുതലേ പൊലീസ് ഉരുണ്ടുകളിക്കുകയാണ്. മൂന്ന് ദിവസം വൈകിയാണ് ദിവ്യയെ പ്രതിചേർത്തത്. മുൻകൂർ ജാമ്യാപേക്ഷ നല്കാൻ അവസരം ഒരുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു. ദിവ്യയെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് എത്തിയത് അയല്‍ക്കാർ പോലും കണ്ടിട്ടില്ല.
പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് പി.പി. ദിവ്യ. കോടതി തീരുമാനം വരെ അറസ്റ്റ് വൈകിപ്പിക്കാൻ ജില്ലാ ഘടകത്തിന്റെ ഇടപെടലും ഉണ്ടെന്നറിയുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുൻകൂർ ജാമ്യഹർജിയില്‍ കോടതിയില്‍ വാദിക്കുന്നത് പാർട്ടി അഭിഭാഷകൻ കെ.വിശ്വനാണ്.