തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല; അപ്പീല്‍ പോകുമെന്ന് ഹരിത
തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത.
‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര് വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.