ഏകദിന അരങ്ങേറ്റത്തിൽ അതിവേഗ സെഞ്ചുറി; മിന്നിത്തിളങ്ങി വിന്‍ഡീസ് താരം അമിര്‍ ജാങ്കോ
ഏകദിന അരങ്ങേറ്റത്തില്‍ ആറാമനായി ക്രീസിലെത്തി അതിവേഗ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അമിര്‍ ജാങ്കോയുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരി. പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മഹ്മദുള്ളയുടെയും സൗമ്യ സര്‍ക്കാരിന്റെയും മെഹ്ദി ഹസന് മിറാസിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 321 റൺസടിച്ചപ്പോള്‍ 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. ഈ ജയത്തോടെ മൂന്ന് മത്സര പരമ്പര വിന്‍ഡീസ് 3-0ന് തൂത്തുവാരി.
83 പന്തില്‍ 104 റണ്‍സുമായി അമിര്‍ ജാങ്കോ പുറത്താകാതെ നിന്നപ്പോള്‍ കീസി കാര്‍ടി 95 റണ്‍സടിച്ചു. എട്ടാമനായി ഇറങ്ങി 31 പന്തില്‍ 44 റണ്‍സടിച്ച ഗുഡകേഷ് മോടിയുടെ ബാറ്റിംഗ് വെടിക്കെട്ടും വിന്‍ഡീസ് വിജയം എളുപ്പത്തിലാക്കി. 80 പന്തില്‍ സെഞ്ചുറിയിലെത്തിയ അമിര്‍ ജാങ്കോ ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ബംഗ്ലാദേശിന്റെ ആഫിഫ് ഹൊസൈനെ സിക്സ് പറത്തിയാണ് ജാങ്കോ സെഞ്ചുറി തികച്ചത്.
ഏകദിന അരങ്ങേറ്റത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം റീസാ ഹെന്‍ഡ്രിക്കസ് 88 പന്തില്‍ സെഞ്ചുറി തികച്ചതിന്റെ റെക്കോര്‍ഡാണ് ജാങ്കോ മറികടന്നത്. ഡെസ്മണ്ട് ഹെയ്ന്‍സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പതിനെട്ടാമത്തെ താരമാണ് ജാങ്കോ. ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലാണ് ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഏകതാരം.