‘സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു’; വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്
 
			    	    വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നു. സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് പറഞ്ഞ് പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് പിന്തുടരുന്നത് ഇരട്ട നിലപാടാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. വേള്‍ഡ് ഹിന്ദു എക്കണോമിക് ഫോറം 2024 ല്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
‘സത്യം പറയുന്നവര്‍ ആരായാലും, ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ കൊണ്ടുവന്ന് അവരെ സമ്മര്‍ദ്ദത്തിലാക്കും, എന്നിട്ടും അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ ഇരട്ടത്താപ്പ് ആണിത്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞു, ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ മാനിക്കപ്പെടണമെന്നാണ് ലോകമെമ്പാടും വിശ്വസിക്കുന്നത്. ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച വ്യക്തി എന്ത് കുറ്റമാണ് ചെയ്തതെന്ന്’ യോഗി ആദിത്യനാഥ് ചോദിച്ചു.
 
			    					         
								     
								    













