ഈ കുഞ്ഞ് രൂപത്തിനുള്ളിൽ ഇത്രയൊക്കെ ഉണ്ടായിരുന്നോ: ഉലുവ ഗുണങ്ങളിൽ വമ്പൻ
നമുക്കെല്ലാം സുപരിചിതമായ ഉലുവ, ശാസ്ത്രീയമായി അറിയപ്പെടുന്നത് ട്രൈഗോനെല്ല ഫോനം-ഗ്രേക്കം എന്ന പേരിലാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാചകത്തിലും സമ്പന്നമായ ചരിത്രമുള്ള ഒരു സസ്യമാണ് ഉലുവ. ഇതിൻ്റെ വിത്തുകളിൽ അവശ്യ പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, അത് തന്നെയാണ് ഉലുവായുടെ ഔഷധ ഗുണങ്ങൾക്ക് കാരണമാകുന്നത്.
ഉലുവ പോഷകാഹാരത്തിൻ്റെ ഒരു ശക്തികേന്ദ്രമാണ്. നാരുകൾ, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിൻ ബി 6 എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ അതായത് 11.1 ഗ്രാം ഉലുവ, 35 കലോറിയും 6 ഗ്രാം കാർബോഹൈഡ്രേറ്റും 3 ഗ്രാം ഫൈബറും 3 ഗ്രാം പ്രോട്ടീനും നൽകുന്നു. കൂടാതെ, ഉലുവയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള കഴിവാണ് ഉലുവയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കും. പ്രമേഹമുള്ളവർക്ക് ഉലുവ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ദിവസവും 10 ഗ്രാം ഉലുവ കഴിക്കുന്നത് ആറ് മാസത്തിനുള്ളിൽ ടൈപ്പ് 1 പ്രമേഹ രോഗികളിൽ ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് ലെവൽ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണക്രമവും വ്യായാമവും ചേർന്നാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ ഉലുവ വളരെയധികം സഹായിക്കും.
ദഹനസംബന്ധമായ കാര്യങ്ങൾക്കും ഉലുവ ഏറെ പ്രയോജനം ഉള്ളതാണ്. ഉലുവയിലെ നാരുകളുടെ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. മാത്രമല്ല, ദഹനക്കേട്, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ ഉലുവ പരമ്പരാഗതമായി ഉപയോഗിക്കുന്നുമുണ്ട്.
പതിവായി നെഞ്ചെരിച്ചിൽ ഉള്ളവർ, രണ്ടാഴ്ചത്തേക്ക് ദിവസവും രണ്ട് നേരം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പായി ഉലുവ കഴിക്കുന്നത് നല്ലതാണ്. സ്ഥിരമായി നെഞ്ചെരിച്ചിൽ അനുഭവിക്കുന്ന ആളുകൾക്ക് ഉലുവ നാരുകൾ പ്രയോജനപ്രദമായ ഒരു ബദൽ ചികിത്സയായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്, ഉലുവ ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുമെന്നും അതുവഴി വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നുമാണ്.
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ഉലുവ നല്ലതാണ്. കൂടാതെ ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിനും ഉലുവ നല്ലതാണ്. ഉലുവയിലെ ആൻ്റിഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമ്മത്തിന് പ്രായമാകുന്നത് തടയാനും സഹായിക്കും. മുഖക്കുരു, കറുത്ത പാടുകൾ, ചർമ്മത്തിലെ പ്രകോപനം എന്നിവ കുറയ്ക്കാൻ ഫെയ്സ് മാസ്കുകളിൽ ഉലുവ വിത്ത് ഉപയോഗിക്കാം. കൂടാതെ, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരൻ തടയുന്നതിനും ഉലുവ ഉത്തമമാണ്.
മിതമായ അളവിൽ കഴിക്കുമ്പോൾ ഉലുവ സാധാരണയായി മിക്ക ആളുകൾക്കും സുരക്ഷിതമായ ഒന്നാണ്.
എന്നാൽ ഗർഭിണികൾ ഉയർന്ന അളവിൽ ഉലുവ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ഗർഭാശയ സങ്കോചത്തിന് കാരണമാകുകയും, ഗർഭകാലത്ത് അപകടസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും.
ഒരു സുഗന്ധവ്യഞ്ജനമായോ, സപ്ലിമെൻ്റായോ, ഹെർബൽ ടീയായോ നിങ്ങളുടെ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്താം. അത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.