എല്‍ക്ലാസിക്കോയില്‍ ബാഴ്സലോണ; 15-ാം സൂപ്പര്‍ കപ്പ് കിരീടനേട്ടം
എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത്, ബാഴ്സലോണയ്ക്ക് സൂപ്പര്‍ കപ്പ് കിരീടം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്താണ് ബാഴ്സ കിരീടം ചൂടിയത്. ബാഴ്സലോണയുടെ 15-ാം സൂപ്പര്‍ കപ്പ് കിരീട നേട്ടമാണിത്.
ബാഴ്സ പരിശീലകനെന്ന നിലയില്‍ ഹാന്‍സി ഫ്ളിക്കിന്റെ ആദ്യ കിരീടമാണിത്. തുടര്‍ച്ചയായ മൂന്നാം തവണ സൂപ്പര്‍ കപ്പ് ഫൈനല്‍ കളിച്ച ബാഴ്സയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയല്‍ മഡ്രിഡ് തന്നെ ആയിരുന്നു എതിരാളികള്‍. ഇതോടെ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് കിരീടനേട്ടമെന്ന ബഹുമതിയും ബാഴ്സയ്ക്കായി. റയല്‍ മാഡ്രിഡ് 13 തവണ സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മാഡ്രിഡ് ആണ് മുന്നിലെത്തിയത്. എന്നാല്‍ 22-ാം മിനിറ്റില്‍ യുവതാരം ലമീന്‍ യമാല്‍ നേടിയ ഗോളിലൂടെ ബാഴ്സ മത്സരത്തില്‍ തിരിച്ചെത്തി. 36-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഗോളിലൂടെ ബാഴ്സ ലീഡ് നേടി. രണ്ടാം ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് 39-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. അലയാന്‍ഡ്രോ ബാല്‍ഡേ കൂടി ഗോള്‍ നേടിയതോടെ ബാഴ്സലോണ 4-1ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍, 48-ാം മിനിറ്റില്‍ റഫീഞ്ഞ്യ തന്റെ രണ്ടാം ഗോളും നേടിയതോടെ റയല്‍ 5-1 എന്ന നിലയില്‍ പിന്നിലായി. ഇതിനിടെ, എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഈ ഫൗളിന് റഫറി വിധിച്ച ഫ്രീ കിക്ക്, റോഡ്രിഗോ 60-ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോളാക്കി മാറ്റി. പിന്നീട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ബാഴ്സയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ റയലിന് സാധിച്ചില്ല.