ബൊചെയ്ക്ക് വിഐപി പരിഗണന; അന്വേഷണത്തിനായി ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി കാക്കനാട് ജയിലിൽ
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം. വിഷയത്തിൽ അന്വേഷണം നടത്താനായി ഡിഐജി വിനോദ് കുമാർ കാക്കനാട് ജയിലിൽ എത്തി. മധ്യമേഖല ഡിഐജി സന്ദർശനം നടത്തിയെന്ന ആക്ഷേപത്തിലാണ് അന്വേഷണം.
ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിറ്റേന്ന് മാത്രമാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയ ദിവസം തന്നെ പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെതിരെ കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനെ വിളിച്ചു വരുത്തിയ കോടതി ജാമ്യത്തിലിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെ അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ”അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും” കോടതി പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. തുടര്‍ന്ന് ഇനി മേലാല്‍ അനാവശ്യമായ പരാമർശം ഉണ്ടാവില്ലെന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ ചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.