ആനന്ദക്കണ്ണീരില്‍ വരവേല്‍പ്പ്; ഇസ്രയേല്‍ മോചിപ്പിച്ച 90 പലസ്തീനി തടവുകാര്‍ക്ക് റാമല്ലയില്‍ വന്‍ സ്വീകരണം
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം ഇസ്രയേല്‍ 90 പലസ്തീന് തടവുകാരെ മോചിപ്പിച്ചു. 3 ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ നീക്കം. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.
തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെ, 90 പലസ്തീന് തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. സ്ഥലത്ത് ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാന്‍ എത്തിയത്.
മോചനം നേടിയ പലസ്തീനികളില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള 69 സ്ത്രീകളും കൗമാരക്കാരും ഉണ്ട്. ഇടതുപക്ഷ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന് അംഗമായ 62 കാരിയായ ഖാലിദ ജറാറും ഉള്‍പ്പെടുന്നു. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ തിരിച്ചെത്തിയ തടവുകാരില്‍ പലരെയും ജനക്കൂട്ടം തോളിലേറ്റിയാണ് സ്വീകരിച്ചത്.