വിവാദങ്ങൾക്കിടയിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് പുതുക്കി കെ വി തോമസ്
സംസ്ഥാന നേതൃത്വവുമായുള്ള ശീതയുദ്ധത്തിനിടയിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് പുതുക്കി കെ വി തോമസ്. 5 രൂപയാണ് കെപിസിസിയുടെ മെമ്പര്‍ഷിപ്പ് തുക. ഇതില്‍ 50 പേരുടെ മെമ്പര്‍ഷിപ്പ് തുകയായ 250 രൂപ നല്കി പാര്‍ട്ടി മെമ്പര്‍ഷിപ്പ് വീണ്ടും പുതുക്കിയിരിക്കുകയാണ് ഇദ്ദേഹം. ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കൈവശം പണം ഏല്പിക്കുകയും അവര്‍ തുക ഡിസിസി ഓഫീസില്‍ നല്‍കുകയും ചെയ്തു.
അധ്യാപകനും, മുന്‍ കേന്ദ്ര മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ കുറുപ്പശ്ശേരി വര്‍ക്കി തോമസ് എന്ന കെ വി തോമസ് 1970 മുതല്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1977 മുതല്‍ കെപിസിസി അംഗവുമാണ്. കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവച്ച കരുത്തുറ്റ നേതാവുമാണ് കെ.വി തോമസ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് 2021 ഫെബ്രുവരി മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായി.
എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെ സംസ്ഥാന കോൺഗ്രസിൽ കെ വി തോമസ് വല്ലാതെ ഒറ്റപ്പെടുകയായിരുന്നു.