സ്പൈസ് ജെറ്റ് അപകടം : അന്വേഷണത്തിന് ഉത്തരവിട്ട് DGCA
മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് തിരിച്ച സ്പൈസ് ജെറ്റിന്റെ ബോയിങ് ബി 737 വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മെയ് ഒന്നിന് വൈകീട്ടാണ് അപകടം ഉണ്ടായത്. നാൽപത് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ലാൻഡിങ്ങിനിടെ പെട്ടന്നുണ്ടായ കുലുക്കത്തിൽ ലഗേജ് ബോക്സ് തുറന്ന് ലഗേജ് യാത്രക്കാരുടെ തലയിൽ വീണാണ് അപകടം ഉണ്ടായത്.സംഭവത്തിൽ 14 യാത്രക്കാർക്കും കാബിൻ ക്രൂ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ദുർഗാപൂരിലെ കാസി നുസ്രുൽ ഇസ്ലാം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതോടെയാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി.
അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യാത്രക്കാർ പരിഭ്രാന്തരാവുന്നതും വിമാനത്തിലെ ജീവനക്കാർ അവരെ ആശ്വസിപ്പിക്കുന്നതും സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുന്നതുമെല്ലാം ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.
Content Highlights: Durgapur Spice Jet Plane Crash