പെരുന്നാള്‍ രാത്രിയില്‍ ജോധ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം. ഇന്നലെ രാത്രിയോടെ ജോഗ്പുരി ഗേറ്റിനു സമീപത്താണ് 2 വിഭാഗങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മത ചിഹ്നങ്ങളുള്ള പാതകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് ലാത്തിചാര്‍ജ് നടത്തി ഇരു വിഭാഗത്തേയും പിരിച്ചുവിട്ടു. താത്കാലികമായി പിന്മാറിയെങ്കിലും ഇന്ന് രാവിലെയും വലിയ രീതിയില്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് കല്ലേറ് നടക്കുകയും, തുടര്‍ന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു. സ്ഥലത്തെ സംഘര്‍ഷാവസ്ഥ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ജോധ്പൂരില്‍ ഇന്റര്‍നെറ്റ് വിഛേദ്ദിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് വലിയ രീതിയിലുള്ള സംഘര്‍ഷത്തിന് കാരണമാകും എന്ന കണക്കുകൂട്ടലിലാണ് ഇന്റര്‍നെറ്റ് സംവിധാങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
മുസ്ലീം സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. നഗരത്തില്‍ കനത്ത ജാഗ്രത നിലനില്ക്കുന്നു.
Content Highlight: Clashes between 2 communities in Rajasthan’s Jodhpur.