രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; എതിരാളികൾ വിദർഭ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇന്ന് കേരളം ഇറങ്ങുന്നു. ഫൈനലിൽ വിദർഭയാണ് എതിരാളികൾ. രാവിലെ ഒൻപതരയ്ക്ക് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം നടക്കുന്നത്. ജിയോഹോട്സ്റ്റാറില് മത്സരം തത്സയം കാണാം. സീസണിൽ തോൽവി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഗുജറാത്തിനെ രണ്ട് റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ മറികടന്നാണ് കേരളം ഫൈനൽ ഉറപ്പിച്ചത്.
വിദർഭ സെമിയിൽ ചാമ്പ്യൻമാരായ മുംബൈയെ ആണ് തോൽപിച്ചത്. കേരളവും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. വിദർഭ 2018ൽ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും കേരളത്തെ തോൽപിച്ചു. ഈ രണ്ട് തോൽവികൾക്ക് ഫൈനലിൽ പകരം വീട്ടുകയാണ് കേരളത്തിന്റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനാണ് ഈ മത്സരങ്ങൾ സാക്ഷ്യം വഹിച്ചത്. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്റെ കരുത്ത്.