‘ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം’; പത്മജ വേണുഗോപാൽ

മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. ഇനി തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് കോൺഗ്രസ്സ് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്നും പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി.
‘അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. കെപിസിസി മീറ്റിംഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ പറയും തരൂരിനെ വിളിച്ചിട്ടില്ലെന്ന്. തരൂരിനെ അകറ്റിനിർത്തുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് അയിത്തമുളളത് പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നത്, അപമാനിക്കും അവർ. ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ല, മനസ്സമാധാനമായി ജീവിക്കാനാണ് ഞാൻ കോൺഗ്രസ് വിട്ടത്. പല ദിവസങ്ങളിലും ഞാൻ കരഞ്ഞിട്ടുണ്ട്, ആ രീതിയിൽ എന്നെ അപമാനിച്ചു. ശശി തരൂർ ഛർദ്ദിച്ചത് ഒന്നും തിരിച്ച് എടുക്കാൻ പറ്റില്ലല്ലൊ. തരൂർ നല്ലവണ്ണം പറഞ്ഞു അതിന് കോൺഗ്രസുകാർ മറുപടി പറഞ്ഞു, പിന്നീട് മുകളിൽ നിന്ന് കണ്ണുരുട്ടിയപ്പോൾ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയി’, പത്മജ വേണുഗോപാൽ പറഞ്ഞു.