രഞ്ജി ട്രോഫി ഫൈനൽ വിദർഭ 379 ന് ഓൾ ഔട്ട്; പ്രതീക്ഷയോടെ കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭ 379 റൺസിന് ഓൾ ഔട്ട് ആയി. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ വിദർഭ നേടിയ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസിലേക്ക് 125 റൺസ് കൂടി ചേർക്കുന്നതിനിടെ ബാക്കി ആറ് വിക്കറ്റുകൾ കൂടി കേരളം നേടി. കേരളത്തിന് വേണ്ടി എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവർ മൂന്ന് വീതവും എൻ ബേസിൽ രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റുകൾ നേടി.
രണ്ടാം ദിനം തുടക്കത്തിലെ തന്നെ സെഞ്ച്വറി നേടിയ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാക്കി. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. 188 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 86 റൺസെടുത്ത കരുൺ നായരെ കേരളത്തിന് ഇന്നലെ തന്നെ പുറത്താക്കാൻ കഴിഞ്ഞിരുന്നു. ഇവരെ കൂടാതെ യഷ് താക്കൂർ( 25 ), അക്ഷയ് വാദ്ക്കർ (32 ) , നാചികേത് ഭൂട്ടോ (32 ) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.