കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റും; അന്തിമ തീരുമാനം ഉടന്‍

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റിയാല്‍ അതോടൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയാല്‍ ഈഴവ വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്ക് നറുക്ക് വീണേക്കും. അങ്ങനെയെങ്കില്‍ അടൂര്‍ പ്രകാശിന് സാധ്യതയേറെയാണ്. അതല്ല, ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഒരാളെയാണ് കെപിസിസി അധ്യക്ഷനായി പരിഗണിക്കുന്നതെങ്കില്‍, ബെന്നി ബഹനാന്, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു.
എംപിയും ദലിത് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം, കെപിസിസി പ്രസിഡന്റ് ഈഴവ വിഭാഗത്തിനെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ക്രൈസ്തവ വിഭാഗത്തിന് നല്‍കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. നിലവില്‍ മുന്‍ കെപിസിസി പ്രസിഡന്റായ എം എം ഹസനാണ് യുഡിഎഫ് കണ്‍വീനര്‍.