ഷമ മുഹമ്മദിന്റെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിയേക്കാൾ മികച്ചവനാണ് രോഹിത് ശർമ്മ; തടിയല്ല ക്രിക്കറ്റ് കളിയിൽ പ്രധാനം

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മയുടെയ ഫിറ്റ്നെസിനെ വിമര്‍ശിച്ച് എക്സിലിട്ട പോസ്റ്റിൽ രൂക്ഷമായാ വിമര്‍ശനം ഉയര്‍ന്നതോടെ പിന്‍വലിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മൊഹമ്മദ്. രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ രോഹിത് 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ വിമര്‍ശനം.
ഷമ മൊഹമ്മദിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്കും കാരണമായിരുന്നു. രാജ്യത്തെ മുഴുവന്‍ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെയും തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. രോഹത്തിനെ ബോഡി ഷെയ്മിംഗ് ചെയ്ത കോണ്‍ഗ്രസ് സ്നേഹത്തിന്റെ കട തുറക്കുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെറുപ്പും അപമാനവും പടര്‍ത്തുന്നവരാണ് കോണ്‍ഗ്രസെന്നും പൂനവാല പറഞ്ഞു.
വിമര്‍ശനം രൂക്ഷമായതോടെയാണ് ഷമ മൊഹമ്മദ് എക്സ് പോസ്റ്റ് പിന്‍വലിച്ചത്. രോഹിത് ശര്‍മക്ക് ഒരു കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ല ഉള്ളതെന്നും അമിതഭാരമാണുള്ളതെന്നും ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.
കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ പറഞ്ഞു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, രോഹിത് ശർമ്മ അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്, മറ്റു ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുന്നത് ജനാധിപത്യമാണെന്നും ഷമ പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ എണ്ണമില്ലാത്ത അത്രയും തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ഡക്ക് അടിച്ച കോണ്‍ഗ്രസിന് ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു. നിങ്ങളാദ്യം നിങ്ങളുടെ ക്യാപ്റ്റന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കു, എന്നിട്ട് ഇന്ത്യൻ ക്യാപ്റ്റനെ വിമര്ശിക്കു എന്നും ബിജെപി വക്താവ് പ്രതികരിച്ചു.
കായികതാരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തെ ക്രിക്കറ്റ് ബോർഡിനുണ്ട്. അതവർ വേണ്ടപോലെ ചെയ്തുകൊള്ളും. കോൺഗ്രസ്സിന്റെ വക്താവായത് കൊണ്ട് മാത്രം സാമാന്യ ബോധം ഉണ്ടാകണം എന്നില്ല. കായികരംഗത്തെ കുറിച്ച് ക്ഷമയുടെ വിവരം ഏറെ പരിമിതമാണെന്ന് തന്നെ പറയേണ്ടി വരും.
ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അർജുന രണതുംഗയെ നിങ്ങൾ കണ്ടിട്ടുണ്ടോ? പാകിസ്ഥാൻ ലോകകപ്പെടുക്കുമ്പോൾ മിന്നുന്ന പ്രകടനം നടത്തിയ ഇന്സാമാമിനെ അറിയാമോ?? ഇന്ത്യൻ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന ഓസീസ് ഓപണർ ഡേവിഡ് ബൂണിനെ ഓർക്കുന്നുണ്ടോ? അവരുടെ ഫാസ്റ്റ് ബൗളർ മെർവ് ഹ്യൂസിനെ കണ്ടിട്ടുണ്ടോ? ഇവരൊക്കെ രോഹിത് ശര്‍മയെക്കാൾ തടിയുള്ളവരായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം രോഹിത് ശർമയാണ്. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടിയ ഒരേ ഒരു കളിക്കാരനെ ഇന്നുള്ളൂ. അതും രോഹിത് ശർമ്മ തന്നെയാണ്. ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള ഇന്ത്യൻ ക്യാപ്റ്റനും രോഹിത് ശർമയാണ്. തടി കണ്ടല്ല കളി കണ്ടാണ്, അല്ലെങ്കിൽ കരിയറിലെ സ്റ്റാറ്റസ് നോക്കിയിട്ടാണ് ഒരാളെ വിമര്‍ശിക്കേണ്ടത്.