മാധബി പുരി ബുച്ചിനും ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസം; എസിബി നടപടി തടഞ്ഞ് ഹൈക്കോടതി

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചട്ടലംഘന ആരോപണങ്ങളില്‍ സെബി മുന്‍ ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് താത്കാലികാശ്വാസം. മാധബി പുരി ബുച്ചിനും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതി ഉത്തരവില്‍ തത്കാലം നടപടി വേണ്ടെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് നാല് വരെ നടപടി എടുക്കരുത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.
അഴിമതി വിരുദ്ധ ബ്യൂറോ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന മാര്‍ച്ച് ഒന്നിലെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാധബി പുരി ബുച്ച്, ബിഎസ്സി എംഡി സുന്ദരരാമന്‍ രാമമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹരിഗണിച്ചാണ് നടപടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്നും അതുവരെ പ്രത്യേക കോടതി ഉത്തരവിന്മേല് സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം നടപടി എടുക്കരുത് എന്നുമാണ് ജസ്റ്റിസ് എസ് ജി ദിഗേയുടെ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.