സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഗോവിന്ദനെ സെക്രട്ടറയായി തെരഞ്ഞെടുക്കുകയായിരുന്നു.
ലുധിയാനയിലെ ഷഹീദ് കർത്താർ സിങ് സരാബയിൽ ഡിവൈഎഫ്ഐ എന്ന സംഘടന 1980ൽ പിറവിയെടുക്കുമ്പോൾ പിന്നണിയിൽ അഭിമാനത്തോടെ നിന്ന അഞ്ചു പേരിൽ ഒരാളായിരുന്നു എം.വി. ഗോവിന്ദൻ. കെഎസ്വൈഎഫിന്റെ നേതൃസ്ഥാനത്ത് നിന്ന് ഡിവൈഎഫ്ഐ രൂപീകരിക്കാൻ പാർട്ടി തെരഞ്ഞെടുത്ത അഞ്ചു പേരിൽ ഒരാൾ. എം.വി. ഗോവിന്ദന്റെ പേനയിൽ നിന്നു കൂടി രൂപപ്പെട്ട ആ സംഘടനയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റായി നിയമിതനായത് ഇ.പി. ജയരാജൻ.
ഇങ്ങനെ എന്നും പാർട്ടിയുടെ പിന്നണിയിലായിരുന്നു എം.വി. ഗോവിന്ദൻ. അടിത്തറ പണിയുന്നതിലായിരുന്നു നിതാന്തശ്രദ്ധ. ഒപ്പം വന്നവരും പിന്നാലെ വന്നവരും മുന്നോട്ടു കടന്നു പോയപ്പോഴും പാർട്ടിയുടെ കൂടെ എന്നും നിന്നയാൾ, കണ്ണൂർ ജില്ലാ സെക്രട്ടറിയായി മാത്രമല്ല എം.വി. ഗോവിന്ദൻ ശ്രദ്ധിക്കപ്പെട്ടത്. എറണാകുളത്ത് സിപിഐഎം ഏറ്റവും പ്രതിസന്ധി നേരിട്ടപ്പോൾ നേർവഴിക്കാക്കിയത് കണ്ണൂരിൽ നിന്നു വന്നു സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ്.