വനിതാ പ്രീമിയര്‍ ലീഗ്; കപ്പടിച്ച് മുംബൈ ഇന്ത്യന്‍സ്

തുടർച്ചയായ മൂന്നാം സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഡല്‍ഹിയെ 8 റണ്‍സിനു കീഴടക്കി മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം സ്വന്തമാക്കി. വനിതാ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. 2023ൽ പ്രഥമ ലീഗ് കിരീടം അവർ സ്വന്തമാക്കിയിരുന്നു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡല്‍ഹിയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സില്‍ അവസാനിച്ചു. 26 പന്തില്‍ 40 റണ്‍സെടുത്ത മരിസന്‍ കാപാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. താരം 5 ഫോറും രണ്ട് സിക്സും പറത്തി. 21 പന്തില്‍ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും 23 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന് നികി പ്രസാദും പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താനായില്ല. മുംബൈക്കായി നാറ്റ് സീവര്‍ ബ്രന്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അമേലിയ കെര്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ഷബ്നിം ഇസ്മയില്‍, ഹെയ്ലി മാത്യൂസ്, സൈക ഇഷാഖ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മുന്നില്‍ നിന്നു നയിച്ചു. താരം അര്‍ധ സെഞ്ച്വറി നേടി. 44 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം താരം 66 റണ്‍സെടുത്തു. നാറ്റ് സീവര്‍ 30 റണ്‍സും കണ്ടെത്തി.
മരിസന്‍ കാപ്, ജെസ് ജോണ്സന്, ശ്രീ ചരണി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡ് ഒരു വിക്കറ്റെടുത്തു.