കാട്ടുതീയും കൊടുങ്കാറ്റും വിട്ടൊഴിയാതെ അമേരിക്ക; കനത്ത നാശനഷ്ടവും ജീവഹാനിയും

അമേരിക്കയിലെ ഒക്ലഹോമയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നാല് പേർ മരിക്കുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന മെഡിക്കൽ എക്സാമിനർ റിപ്പോർട്ട് ചെയ്യുന്നു. കാട്ടുതീയും ശക്തമായ കാറ്റുമാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാവ്നി, ഹാസ്കെൽ, ലിങ്കൺ, ഗാർഫീൽഡ് കൗണ്ടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ട നാലു പേരുമെന്ന് ഒക്ലഹോമ എമർജൻസി മാനേജ്മെന്റ് ഇന്നലെ രാത്രി സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിലും വർധനവുണ്ടായതായി അധികൃതർ പറയുന്നുണ്ട്.
വെള്ളിയാഴ്ച പടർന്ന് പിടിച്ച കാട്ടുതീയിൽ കുറഞ്ഞത് 1,70,000 ഏക്കർ സ്ഥലവും 400 ൽ അധികം വീടുകളും കത്തി നശിച്ചതായി ഒക്ലഹോമ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി മാനേജ്മെന്റ് പറഞ്ഞു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീയുടെ ആക്കം കൂട്ടുകയാണെന്നും ടെക്സസിലും ഒക്ലഹോമയുടെ ചില ഭാഗങ്ങളിലും കാട്ടുതീ അതിവേഗം പടരുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തുൾസയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കിഴക്കൻ ഒക്ലഹോമയിൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് നൽകി. കാറ്റിന്റെ ശക്തി കൂടുന്നതിനാൽ കാട്ടുതീ രാത്രി മുഴുവനും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ’60 ,70 മൈൽ സ്പീഡിൽ കാറ്റ് വീശുന്നതിനാൽ കാട്ടുതീ കൂടുതൽ വഷളാകുന്നു. കാറ്റ് കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കുകയാണ്. നിലവിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്,’ എന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തക്കസമയത്ത് നടത്തിയ ഒഴിപ്പിക്കലും രക്ഷാപ്രവർത്തനങ്ങളും അപകടത്തിന്റെ തീവ്രത കുറച്ചതായി ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പറഞ്ഞു.
‘രക്ഷാ പ്രവർത്തനങ്ങളും ആളുകളെ ഒഴിപ്പിക്കലും വിജയകരമായിരുന്നു. പക്ഷെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല, ഒരുപക്ഷേ പൊട്ടിവീണ വൈദ്യുതി ലൈനുകൾ ആയിരിക്കാം. വരണ്ട കാലാവസ്ഥയും കാറ്റും തീയുടെ ആക്കം കൂട്ടുകയാണ്. വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ റെഡ് ക്രോസും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും മുന്നിട്ടിറങ്ങും,’ എന്നും അദ്ദേഹം പറഞ്ഞു.
ഒക്ലഹോമയെക്കൂടാതെ നോർമൻ, സ്റ്റിൽ വാട്ടർ, വെൽമ, എഡ്മണ്ട്, ഷാനി എന്നിവിടങ്ങളിളും തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. 34 പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
കാൻസാസിൽ വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് വാഹനങ്ങൾ മറിച്ചിട്ടു. വീടുകളടക്കം അനേകം കെട്ടിടങ്ങൾ നിലംപൊത്തി. അമ്പതിൽപ്പരം വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ടെക്സസിലും സമാനമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മിസൂറിയിൽ 12 പേർ മരിച്ചു. 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്. അതോടെ കാറ്റിനൊപ്പം കാട്ടുതീയും നാശംവിതയ്ക്കുന്ന അർക്കൻസാസ്, ജോർജിയ, ഒക്ലഹോമ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. 2024ൽ അമേരിക്കയിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 54 പേരാണ് മരിച്ചത്.
നേരത്തെ ജനുവരിയിൽ ഉണ്ടായ കാട്ടുതീയിലും കാലിഫോർണിയ സംസ്ഥാനത്തിലെ ലോസ് ഏഞ്ചൽസ് നഗരത്തിൽ കണക്കില്ലാത്ത നഷ്ടങ്ങളാണ് ഉണ്ടായത്. നഗരത്തിലെ വലിയൊരു പ്രദേശം തീയിൽ അകപ്പെട്ടിരുന്നു.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ വിസ്തീർണ്ണം 105 ചതുരശ്ര കിലോമീറ്റർ, അതായത് 41 ചതുരശ്ര മൈലാണ്. ഈ കാട്ടുതീയിൽ ലോസ് ഏഞ്ചൽസിൽ പാരീസിനേക്കാൾ വലിയ പ്രദേശം ചാരമായി എന്നാണ് പറയുന്നത്. 61 ചതുരശ്ര മൈൽ പ്രദേശമാണ് അന്ന് കത്തിയമർന്നത്.
പ്രകൃതി ക്ഷോഭങ്ങളും ദുരന്തങ്ങളും അമേരിക്കയെ വിടാതെ പിന്തുടരുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടും, ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ കഴിയുന്നില്ല. ദുർബലരായ രാജ്യങ്ങളെ പലപ്പോളും അടിച്ചമർത്തുന്ന അമേരിക്കക്ക് പ്രകൃതി നൽകുന്ന തിരിച്ചടി എന്നാണ് പലരും ഈ ദുരന്തങ്ങളെ വിശേഷിപ്പിക്കുന്നത്.