അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ്ജ് ഫോർമാൻ അന്തരിച്ചു

ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബമാണ് അദ്ദേഹത്തിൻ്റെ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
റിംഗിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 68ലെ മെക്സിക്കോ ഒളിംപിക്സിൽ അമേരിക്കക്കായി ബോക്സിംഗിൽ സ്വർണം നേടിയിട്ടുണ്ട്. രണ്ടു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടിയ താരമാണ് ഫോർമാൻ. 1973-ൽ 20-ാം വയസ്സിൽ ജോ ഫ്രേസിയറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിജയം.
1974ൽ മുഹമ്മദ് അലിയുമായി റംബിൾ ഇൻ ദ ജംഗിൾ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ ഏറ്റുമുട്ടിയ അദ്ദേഹം പരാജയപ്പെട്ടു. 1977-ൽ ഫോർമാൻ വിരമിച്ചെങ്കിലും 1987-ൽ അദ്ദേഹം കായികരംഗത്തേക്ക് മടങ്ങിയെത്തി. തുടർന്ന് 1994-ൽ 45-ാം വയസ്സിൽ തന്റെ രണ്ടാമത്തെ കിരീടം നേടി. ലോക ചാമ്പ്യനായ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു ഫോർമാൻ.