ഭക്ഷണം കഴിക്കാനും പുറത്തിറക്കില്ല, 24 മണിക്കൂറും തോക്കേന്തിയ കാവൽക്കാരും; വിയ്യൂരിൽ നിന്നും ഗോവിന്ദച്ചാമിയെ ചാടിക്കാൻ പനവേൽ ഗ്യാങ് എത്തുമോ??

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക് പോകുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയുമായി വാഹനം വിയ്യൂർ ജയിലിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഒറ്റക്കുള്ള ഒരു സെല്ലിലാണ് ഗോവിന്ദച്ചാമിയുടെ ഇനിയുള്ള ജീവിതം. 536 പേരാണ് വിയ്യൂരിന്റ്റെ കപ്പാസിറ്റി, ഇപ്പോൾ അവിടുള്ളത് കൊടും കുറ്റവാളികൾ എന്ന് വിളിക്കാവുന്ന 125 പേരാണ്.
വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. എന്നാൽ സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലുണ്ട്. ഇതിനു മുകളിൽ പത്തടി ഉയരത്തില്‍ വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് തോക്കേന്തിയ കാവൽക്കാരുമുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ട സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം സെല്ലിൽ പതിവ് പരിശോധന നടത്തിയിരുന്നില്ല. സെല്ലിലെ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ല എന്നൊക്കെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആറ് മാസമായി ജയിലിന്റെ മതിലിലെ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഈ സുരക്ഷ വീഴ്ചകൾ ഗോവിന്ദച്ചാമിക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കി.
കൂടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കുത്തഴിഞ്ഞ സംവിധാനങ്ങളിലേക്കാണ് ഗോവിന്ദച്ചാമിയുടെ മൊഴി വിരൽ ചൂണ്ടുന്നത്. അവിടെ കഞ്ചാവും മദ്യവും സുലഭമെന്നാണ് ചാമി മൊഴി നല്‍കിയിരിക്കുന്നത്. ഫോണ്‍ വിളിക്കാനും സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി മൊഴി നല്കി.
എട്ടുമാസം മുമ്പാണ് ജയിലിന്റെ കമ്പി മുറിച്ച് തുടങ്ങിയതെന്ന് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും പുറംലോകം കാണില്ല എന്ന ചിന്ത വന്നത് കൊണ്ടാണ് ജയില്‍ ചാടിയതെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ജയിലിലെ മറ്റ് അഞ്ച് തടവുകാര്‍ക്ക് കൂടി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നു. പക്ഷേ ഈ ദിവസം ചാടും എന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഗോവിന്ദച്ചാമി പറയുന്നു. ജയില്‍ ചാടിയാല്‍ ശിക്ഷ വെറും ആറുമാസം ആണെന്ന് പറഞ്ഞ്, അവർ തനിക്ക് പ്രോത്സാഹനം നൽികിയതായും ഇയാൾ പറയുന്നുണ്ട്.
യാതൊരു കുറ്റബോധവുമില്ലാത്ത, ആരെയും കൂസലില്ലാത്ത ഒരു ക്രിമിനലാണ് ഗോവിന്ദച്ചാമി. ട്രെയിനിൽ നിന്നും വീണ, ശരീരവും മുഖവും തകർന്ന പെൺകുട്ടിയെ പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത നീചമായ മനസ്സിന്റെ ഉടമയാണ് ഇയാൾ. ഈ സൈക്കോ ക്രിമിനലിനെ സഹായിക്കാൻ എത്തുന്നത് പനവേല്‍ ഗ്യാങ്ങ് എന്ന് അറിയപ്പെടുന്ന ട്രെയിന്‍ കൊള്ളക്കാരുടെ ഒരു കൂട്ടമാണെന്ന് പറയുന്നു.
മുംബൈയിലെ പനവേല്‍ മുതല്‍ ഇങ്ങ് കേരളത്തിൽ വരെ കളവ് നടത്തുന്ന, റെയില്‍വേ ഭിക്ഷാടന- മോഷണ സംഘമാണ് പനവേല്‍ ഗ്യാങ് എന്ന് അറിയപ്പെട്ടിരുന്നത്. മോഷ്ടിക്കാൻ പരിശീലനം നൽകി, കുട്ടികളെ ട്രെയിനിലേക്ക് കയറ്റി വിട്ട്, ലക്ഷങ്ങൾ ഇവർ സമ്പാദിക്കുന്നുണ്ട്.
ഈ പനവേല്‍ മാഫിയ തന്നെയാണ് ലക്ഷങ്ങള്‍ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ കേസ് നടത്തിയ അഡ്വ ആളൂര്‍ മരിക്കുന്നതിന് മുമ്പ്, തനിക്ക് പണം കിട്ടിയത് പനവേലില്‍ നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.
അതിശക്തമായ സുരക്ഷാ സംവിധാനം ഉള്ള വിയ്യൂർ ജയിലിൽ നിന്നും ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ ഇനി ഏതു വിധത്തിലാണ് പനവേൽ ഗ്യാങ് ശ്രമിക്കുക എന്നത് കണ്ടറിയണം. ഇപ്പോൾ നടത്തിയ ജയിൽചാട്ടത്തിൽ ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നത് 100 ശതമാനം ഉറപ്പുള്ള കാര്യമാണ്. ആര്, ആരെ സ്വാധീനിച്ചു, അല്ലെങ്കിൽ എന്തിന് സഹായിച്ചു എന്നതാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്.