സത്യം പറയുന്നവരെ കോൺഗ്രസ്സ് പുറത്താക്കുന്നു; ദേശീയഗാനം തെറ്റായി പാടിയ പാലോട് രവിക്ക് ഒടുവിൽ പണി കിട്ടി

വിവാദമായ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ പാലോട് രവി, തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. അദ്ദേഹം സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിക്കുകയും ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ടതിനാൽ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായുള്ള താൽക്കാലിക ചുമതല എൻ. ശക്തന് നൽകിയിട്ടുണ്ട്.
ഫോൺ സംഭാഷണം പുറത്തുവന്നതിൽ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നേരത്തെ രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് താൻ നൽകിയതെന്നും, മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നുമാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്. പാലോട് രവിയുടെ പരാമർശത്തിനെതിരെ വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾ രംഗത്തുവന്നിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
പാലോട് രവി എപ്പോളും വിവാദങ്ങളുടെ ആളായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കാലുവാരൽ ആരോപണം, സ്വന്തം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ രാജിസമർപ്പിക്കൽ. പിന്നീട് ദേശീയഗാനം ആലപിക്കവേ വരുത്തിയ പിഴവ്, അനഗ്നെ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒടുവിലായി എൽഡിഎഫ് മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്ന ഫോൺസംഭാഷണത്തോടെ അദ്ദേഹത്തിന് സ്ഥാനവും നഷ്ടമായി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് മുൻ നേതാവ് പി.എസ്. പ്രശാന്ത് രംഗത്തെത്തിയിരുന്നു. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആക്കിയതിന് പിന്നാലെയായിരുന്നു ഈ ആരോപണം. ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്തയക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പിന്നാലെ പി.എസ്. പ്രശാന്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയിരുന്നു. തുടർന്ന് അദ്ദേഹത്തെ എൽഡിഎഫ് സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തു.
സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തായ പെരിങ്ങമ്മലയിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാലോട് രവി രാജിക്കത്ത് പാർട്ടിക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഇത്. എന്നാൽ അന്ന് പാർട്ടി രാജി തള്ളി. കോൺഗ്രസ് അംഗങ്ങൾ സിപിഎമ്മിൽ ചേർന്നതോടെയായിരുന്നു പഞ്ചായത്ത് ഭരണം പാർട്ടിക്ക് നഷ്ടപ്പെട്ടത്. പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത്. ഇതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു.
നേരത്തെ ദേശീയഗാനം തെറ്റായി ആലപിച്ചതും പാലോട് രവിയെ വിവാദത്തിൽ ചാടിച്ചിരുന്നു. കഴിഞ്ഞവർഷം തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ഗാനം തെറ്റായി പാടിയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു. ദേശീയ ഗാനം തെറ്റിയതിന് പിന്നാലെ ടി. സിദ്ദിഖ് എംഎൽഎ ഇടപെടുകയും സിഡി ഇടാമെന്ന് പറഞ്ഞ് പാലോട് രവിയെ മൈക്കിനടുത്ത് നിന്ന് മാറ്റുകയുമായിരുന്നു.
2023-ൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമന സമയത്ത് പാലോട് രവിക്കും പ്രതിപക്ഷനേതാവിനുമെതിരേ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലായിരുന്നു പോസ്റ്റർ. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ഫോര്‍ സെയില്‍.. കോണ്ടാക്ട് പാലോടന്‍ ആന്‍ഡ് പറവൂരന് കമ്പനി’, ‘തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്, നാടക നടന് പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റേയും നടപടിയില്‍ പ്രതിഷേധിക്കുക… ഇതായിരുന്നു അന്ന് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
വാസ്തവത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് എടുക്കാ ചരക്കായി മാറുമെന്നുമുള്ള പാലോട് രവിയുടെ ഓഡിയോ സംഭാഷണം കോൺഗ്രസ്സിനുള ഒരു മുന്നറിയിപ്പ് തന്നെയാണ്.
പാലോട് രവി ഈ അപ്രിയ സത്യം വെളിപ്പെടുത്തിയത് പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും ആലസ്യം മാറ്റി, കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ആയിരുന്നില്ലേ? രവിയുടെ അഭിപ്രായം കേട്ട് അങ്ങേത്തലക്കൽ ഉള്ള ജലീലും രവിയെ പിന്താങ്ങുന്നുണ്ട്. പൊതുവേദിയിൽ പാലോട് രവി ഇക്കാര്യം പ്രസംഗിച്ചിട്ടില്ല. കൂടെയുള്ള വിശ്വസ്തനായ ഒരു നേതാവിനോടാണ് പറയുന്നത്.
സത്യത്തിൽ ആ ഫോൺ സംഭാഷണം പുറത്തുവിട്ട ജലീലിനെ മാത്രമാണ് പുറത്താക്കേണ്ടത്. കോൺഗ്രസ് തലപ്പത്തിരുന്നു കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കോൺഗ്രസ്സിനെ പാടെ ഇല്ലതാക്കുന്ന അവസ്ഥയാണുള്ളത്. പാലോട് രവി പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിൽ എടുത്ത്, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു പാർട്ടി ശ്രദ്ധ കൊടുക്കേണ്ടത്.