കാമുകനെ രക്ഷിക്കാൻ പെൺകുട്ടി നൽകിയത് കള്ളമൊഴി; 75 വയസ്സുള്ള ജോസഫ് ജയിലിൽ കിടന്നത് 9 മാസം

75 വയസ്സുള്ള ഒരാൾ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് ഒമ്പത് മാസമാണ്. അതും ഒരു കള്ളമൊഴിയുടെ പേരിൽ. തന്റെ ആൺസുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ഒരു പെൺകുട്ടി കൊടുത്ത കള്ളമൊഴിയെ തുടർന്നാണ് 75 കാരനായ ആലപ്പുഴക്കാരൻ എം ജെ ജോസഫിന് ഒമ്പത് മാസം ജയിലിൽ കഴിയേണ്ടി വന്നത്.
താൻ നേരത്തെ നൽകിയത് തെറ്റായ മൊഴിയാണെന്ന് സ്കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതോടെ ഇയാളെ വെറുതെ വിടുകയായിരുന്നു. ആലപ്പുഴ നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് പോക്സോ കേസിൽ അറസ്റ്റിൽ ആകുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പരാതി.
പ്രതി നിരപരാധിയാണെന്നും ആൺ സുഹൃത്തുമായുള്ള ബന്ധം ജോസഫ് വീട്ടിൽ പറയുമോ എന്ന ഭയത്തിൽ കളളം പറഞ്ഞതാണെന്നും പെൺകുട്ടി വിചാരണ സമയത്ത് മൊഴി മാറ്റി പറയുന്നു. എന്നാൽ ആ സമയത്ത് ജോസഫ് ജയിലിൽ കിടന്നിട്ട് 285 ദിവസം കഴിഞ്ഞിരുന്നു. തനിക്ക് എന്തൊക്കെയോ അനുഭവിക്കാൻ ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ അനുഭവിച്ചെന്നും, ഈ കാര്യത്തിൽ ആരോടും പരാതിയില്ലെന്നുമാണ് കുറ്റ വിമുക്തനായ ജോസഫ് പറയുന്നത്.
ജീവിക്കാൻ വേണ്ടി തയ്യൽപണി മുതൽ സെക്യൂരിറ്റിപ്പണി വരെ ചെയ്ത ആളാണ് ജോസഫ്. ഇദ്ദേഹത്തിന്റെ ഭാര്യ പത്ത് വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചു. പിനീട് മക്കളുടെ കൂടെയാണ് ജീവിച്ചത്. ഇതിനിടെയാണ് ഈ ക്രൂരമായ പരീക്ഷണം ജോസഫിനെ കാത്തിരുന്നത്.
ഇപ്പോൾ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകനെ പ്രതിയാക്കി നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ വിചാരണ അധികം വൈകാതെ ആരംഭിക്കും. ജോസഫിന് ഈ കേസിൽ രണ്ട് വർഷം മുൻപാണ് ജാമ്യം ലഭിച്ചത്. ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയതോടെ ഏറെ ആശ്വാസമായി എന്നാണ് ജോസഫ് പറയുന്നത്.
ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നിട്ടും അദ്ദേഹത്തിന് പ്രത്യേകിച്ച് ആരോടും ഒരു ദേഷ്യവുമില്ല. ജയിലിൽ കിടന്നത്തിലും അപ്പുറമായിരിക്കും, നാട്ടിൽ അദ്ദേഹം നേരിടേണ്ടി വന്ന പരിഹാസങ്ങൾ. വീട്ടുകാർ പോലും അദ്ദേഹത്തോട് എങ്ങനെയാണ് പെരുമാറിയതെന്നും അറിയില്ല.
അഭിഭാഷകരായ പി.പി.ബൈജു, ഇ.ഡി.സഖറിയാസ് എന്നിവരാണ് കേസിൽ ഹാജരായത്. വിധി വന്നതിന് ശേഷം അദ്ദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്ന് അഡ്വക്കേറ്റ് ബിജു പറയുന്നു. ഇനിയുള്ള നടപടികളിലേക്ക് നീങ്ങാൻ അദ്ദേഹത്തിന്റെ കൈയ്യിൽ പണമില്ല. മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ എന്നാണ് ജോസഫ് പറയുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബമാണ് ഇവരുടേത്. ഭാര്യ മരിച്ചതാണ്.ഒരു മകന് മിക്ച്ചർ പാക്ക് ചെയ്യുന്ന പണിയാണ്. ആ വരുമാനത്തിലാണ് അവർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കേസിന് പോകാനുള്ള പണം ഒന്നുമില്ല. അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും അധികൃതർ വിളിച്ച് മാപ്പ് പറഞ്ഞെന്നും അഭിഭാഷകൻ പറഞ്ഞു.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന് ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര് രണ്ടുപേരും മാത്രമേ വീട്ടില് ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ സഹായങ്ങൾ ചെയ്തിരുന്നു.
ആ കാലത്തു ജോസഫ് തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കൂട്ടുകാരോടു പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു. പിന്നീട് ക്രോസ് വിസ്താരം നടത്തുന്നതിനിടയിൽ കരഞ്ഞുകൊണ്ട് പെൺകുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു.
ആണ് സുഹൃത്തിനെ രക്ഷിക്കാന് വേണ്ടിയാണ് ഇയാൾക്കെതിരെ മൊഴി നല്കിയതെന്ന് കുട്ടി വെളിപ്പെടുത്തി. കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ ജോസഫ് തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണു തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.
ഇതോടെ കേസ് വീണ്ടും അന്വേഷിക്കാൻ കോടതി പറഞ്ഞിട്ടുണ്ട്. കേസ് ഇപ്പോള് ചെങ്ങന്നൂരിലെ പോക്സോ കോടതിയിലാണ് ഉള്ളത്. പോക്സോ കേസ്, ലൈംഗിക പീഡന ആരോപണ കേസ് എല്ലാം വളരെ ഗുരുതരമായി കണ്ടാണ് നമ്മുടെ സിസ്റ്റം നടപടികൾ എടുക്കുന്നത്. എന്നാൽ പലപ്പോളും ഇതുപോലുള്ള പെൺകുട്ടികളുടെ മൊഴികളിൽ ജീവിതം നഷ്ടപ്പെടുന്നവരുമുണ്ട്. അതിന്റെ അടുത്ത കാലത്ത് കണ്ട ഉദാഹരണമാണ് 75 വയസ്സുള്ള ജോസഫിന്റെ കഥ.