സെബാസ്റ്റ്യൻ വെറും ക്രിമിനലല്ല, 17 ആം വയസ്സിൽ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ചവൻ; ജെയ്നമ്മയെ അറിയാമെന്ന് സെബാസ്ററ്യൻറെ നിർണ്ണായക മൊഴി

പോലീസിന്റെ അന്വേഷണത്തില്‍ തെളിവുകള്‍ ഓരോന്നായി കണ്ടെത്തുമ്പോൾ ജെയ്നമ്മ തിരാേധാനക്കേസിലെ പ്രതി സി എം സെബാസ്റ്റ്യൻ പൊലീസിനെയും ജനങ്ങളെയും ഞെട്ടിക്കുകയാണ്.
ഇപ്പോൾ ഈ കേസിൽ നിർണ്ണായകമായ ഒരു വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. ജെയ്നമ്മയെ തനിയ്ക്ക് പരിചയമുണ്ടെന്നും പ്രാര്‍ഥനായോഗങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ ജെയ്നമ്മ എവിടെയാണ് എന്ന ചോദ്യത്തിന് സെബാസ്റ്യൻ മറുപടിയൊന്നും പറഞ്ഞിട്ടില്ല.
ഇന്നലെ രാത്രിയിൽ സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തു. വീട്ടില്‍ നിറുത്തിയിട്ടിരുന്ന സെബാസ്റ്റ്യന്റെ കാറില്‍ നിന്നാണ് ഇതെല്ലം കണ്ടെത്തിയത്. ഇത് കേസില്‍ നിർണായകമായേക്കാവുന്ന തെളിവുകളാണ്. ഇരുപതുലിറ്ററോളം കൊള്ളുന്ന ഈ കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇത് എന്തിനാണ് ഉപയോഗിച്ചതെന്നാണ് ഇനി കണ്ടെത്തേണ്ടത്.
കഴിഞ്ഞദിവസം സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ച് ഡയലും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ഇവയും ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനെല്ലാം ഉത്തരങ്ങള്‍ ലഭിക്കുന്നതോടെ നിഗൂഢതകൾക്ക് അവസാനമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ കാര്യമായി സഹകരിക്കുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടിയിലായതുമുതല്‍ അന്വേഷണത്തോട് തീർത്തും നിസ്സഹകരിക്കുന്ന രീതിയിലാണ് സെബാസ്റ്റ്യൻ. ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടെ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും സെബാസ്ററ്യന് യാതൊരു കുലുക്കവുമില്ലാ.
ചേർത്തലയിലെ സെബാസ്റ്റ്യന്റെവീട്ടുവളപ്പില് നിന്ന് ലഭിച്ച മൃതദേഹാ അവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേത് ആണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് ജെയ്നമ്മയുടേതാണോ എന്ന് വ്യക്തമല്ല. ഡിഎൻഎ പരിശോധനാഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കൂടുതല്‍ പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
സെബാസ്റ്റ്യനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വേറെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സെബാസ്റ്യൻ തന്റെ പതിനേഴാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി, വധിക്കാൻ ശ്രമിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട വിഷയമാണ് ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകാനുള്ള കാരണമെന്നാണ് സൂചന. സ്വത്തുമായി ബന്ധപ്പെട്ട് പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സെബാസ്റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്. ഭക്ഷണം കഴിച്ച മൂന്നു പേർ അവശനിലയിൽ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയൽവാസിയാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
എന്നാൽ ഇത് സംബന്ധിച്ച് അന്ന് പൊലീസിൽ ആരും പരാതി നൽകിയിരുന്നില്ല. പക്ഷെ സെബാസ്റ്റ്യന്റെ ഒരു ബന്ധു ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.