സാധനം വീട്ടിലെത്തും, കുപ്പിക്ക് പത്ത് ദിനാർ മുതൽ വില; മദ്യമൊഴുകുന്ന കുവൈറ്റിൽ വ്യാജമദ്യം കുടിച്ച് 10 മരണം

ഇന്ന് വന്നൊരു റിപ്പോർട്ടാണ്. കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു എന്നത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മദ്യം കഴിച്ചത് മൂലം വിഷബാധയേറ്റ നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് വിഷബാധയേറ്റ നിലയിൽ ഏകദേശം 15 പ്രവാസികളെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പത്തുപേർ മരിച്ചത്. ജലീബ് അൽ-ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിലും സമാനമായ രീതിയിൽ വിഷമദ്യം കഴിച്ച നിരവധിപ്പേർ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
പലർക്കും കുവൈറ്റിൽ മദ്യം ഉണ്ടോ എന്ന സംശയം തോന്നാം. എന്നാൽ അവിടെ പോയിട്ടുള്ളവർക്കും അല്ലെങ്കിൽ അടുത്തുള്ള ഗൾഫ് രാജ്യങ്ങളിൽ പോയവർക്കും അറിയാം വ്യാജമദ്യം സുലഭമായി കിട്ടുന്ന സ്ഥലമാണ് കുവൈറ്റ് എന്നത്. എന്നാൽ മദ്യം ഉണ്ടാക്കുന്നതും കൊണ്ടുവരുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുള്ള രാജ്യമാണ് കുവൈറ്റ്.
നിങ്ങളുടെ വീട്ടുവാതിൽക്കൽ മദ്യം എത്തിക്കാനും അവിടെ ആളുകളുണ്ട്. ഒരു ബോട്ടിലിന് 10 കുവൈറ്റ് ദിനാർ മുതലാണ് വാങ്ങുന്നത്. അതായത് ഏതാണ്ട് മൂവ്വായിരത്തിന് അടുത്തു വരുന്ന ഇന്ത്യൻ രൂപ. വാറ്റി ഉണ്ടാക്കുന്ന മദ്യം മിനറൽ വാട്ടർ കുപ്പികളിലാണ് സാധാരണയായി ഫിൽ ചെയ്യുന്നത്. ഒറ്റ നോട്ടത്തിൽ ഇത് കണ്ടുപിടിക്കാനുമാകില്ല.
ഒരാഴ്ച മുമ്പാണ് കുവൈത്തിൽ വൻ മദ്യക്കടത്ത് പിടികൂടിയത്. ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ ഒളിപ്പിച്ച ഇറക്കുമതി ചെയ്ത മദ്യം കടത്താനുള്ള ശ്രമം കുവൈത്ത് അധികൃതർ പരാജയപ്പെടുത്തി. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ഷുഐബ പോർട്ടിൽ ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നർ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വളരെ വിദഗ്ധമായി രഹസ്യ അറയിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു.
ഹനീഫ, ജവാർ ജാസർ എന്നീ രണ്ട് പേരെയാണ് അന്ന് അധികൃതർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സഹീർ എന്ന വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ കുവൈറ്റിൽ ബസ്സിൽ വാറ്റു ചാരായം കടത്തിയ പ്രവാസികളെ പിടികൂടിയപ്പോൾ ഇവരിൽ നിന്ന് 917 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
ഈ കഴിഞ്ഞ ഡിസംബറിലും കുവൈറ്റിന്റെ വിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വന്‍ തോതില്‍ മയക്കുമരുന്നും മദ്യവും ലഹരി ഗുളികകളും പിടികൂടിയിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നായി 19 പേർ അറസ്റ്റിലാവുകയും ചെയ്തു. 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകള്‍, എന്നിവയും പിടിച്ചെടുത്തിരുന്നു.
മലയാളികളും ഇന്ത്യക്കാരും മാത്രമല്ല ഇതിലൊക്കെ ഉള്ളത് . നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും വ്യാജമദ്യം ഉണ്ടാക്കുന്നുണ്ട്. മദ്യനിരോധനമുള്ള കുവൈറ്റിൽ പിടിക്കപ്പെട്ടാൽ, തടവ് ശിക്ഷ കഴിഞ്ഞ് നാട് കടത്തുകയും ചെയ്യും. എന്നാൽ മയക്കു മരുന്ന് കേസാണെങ്കിൽ ചിലപ്പോൾ ജീവൻ വരെ നഷ്ടമായേക്കും.