ക്രിസ്റ്റൽ ഗ്രൂപ്പിനെ ഉയരങ്ങളിലേക്ക് എത്തിച്ചത് സി. ജെ. റോയി; അല്ലെങ്കിൽ റോയിയെ നമ്പൂതിരി പങ്കാളിയാക്കില്ലെന്നും തമ്പി ആന്റണി
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ തന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെച്ചിരിക്കുകയാണ് നടൻ തമ്പി ആന്റണി. ജനുവരി 30-ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയ റോയിയുമായി ബന്ധപ്പെട്ട സിനിമാ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. റോയിയുടെ മരണം കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തമ്പി ആന്റണി തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. “ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടും” എന്ന താൻ മുൻപ് കുറിച്ചിട്ട കാര്യം സി.ജെ. റോയിയുടെ പതനത്തിലും കാണാനാകുന്നുവെന്ന് അദ്ദേഹം പറയുന്നു. പെട്ടെന്നുണ്ടായ മാനസിക സംഘർഷം മൂലമാണ് സ്വയം വെടിവെച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തമ്പി ആന്റണി കുറിച്ചു.
നമ്പൂതിരിയുടേ ക്രിസ്റ്റൽ ഗ്രൂപ്പിനെ റോയി ചതിച്ചെന്ന ആരോപണം ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്റ്റൽ ഗ്രൂപ്പിനെ ഉയരങ്ങളിലേക്ക് എത്തിച്ചത് സി. ജെ. റോയിയുടെ സാന്നിധ്യം തന്നെയായിരിക്കണം. അല്ലായിരുന്നുവെങ്കിൽ, ഒരു നിക്ഷേപവുമില്ലാതെ ബുദ്ധിമാനായ നമ്പൂതിരി റോയിയെ പങ്കാളിയാക്കുമായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ബിസിനസ് ലോകത്ത് സാധാരണമാണ്.
പിന്നീട് ഉണ്ടായ പിണക്കങ്ങളും വേർപാടും അത്ര അസ്വാഭാവികമായ കാര്യങ്ങളുമല്ല. ഇതെല്ലാം സംബന്ധിച്ച് സംസാരിക്കേണ്ടത് നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. എന്നാൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണെന്ന കാര്യത്തിൽ പോലും ആര്‍ക്കും വ്യക്തമായ അറിവില്ല.
ഒരു സിനിമാ നിർമാതാവെന്ന നിലയിലാണ് ഞാൻ ആദ്യം സി ജെ റോയിയെക്കുറിച്ച് കേൾക്കുന്നത്. കാസനോവ എന്ന സിനിമയിൽ അമേരിക്കയിലുള്ള ഒരു സുഹൃത്ത് നിർമാണപങ്കാളിയായപ്പോഴാണ് അദ്ദേഹത്തിന്റെ പേര് പരിചയത്തിലാകുന്നത്. അന്ന് ആ സുഹൃത്ത് എന്നോട് ഉപദേശം ചോദിച്ചപ്പോൾ, “പറ്റുമെങ്കിൽ എത്രയും വേഗം നിക്ഷേപിച്ച തുക തിരിച്ചെടുക്കുക; പുതിയ സംരംഭം തുടങ്ങുന്നതാണ് നല്ലത്” എന്നാണ് ഞാൻ പറഞ്ഞത്. സിനിമാ നിർമാണത്തിൽ എനിക്ക് തന്നെ ഉണ്ടായ നഷ്ട്ടാനുഭവങ്ങളാണ് ആ നിരുത്സാഹപെടുത്തലിന്റെ കാരണം.
സുഹൃത്ത് ആ ഉപദേശം സ്വീകരിച്ചതുകൊണ്ട് ഒരു വലിയ നഷ്ടം ഒഴിവായി. പിന്നീട് കാസിനോവ റോയിക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്ന വാർത്തയും പുറത്തുവന്നു. അതിനു ശേഷവും സോഷ്യൽ മീഡിയയിലെ സി ജെ റോയിയെ ഞാൻ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ല. മറ്റേതോ റോയ് ആകുമെന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുന്നത്. അവ എന്നെ അത്ഭുതപ്പെടുതുകയും ചെയ്യുന്നു.
“പ്ലെയിൻ യാത്രയിൽ പ്ലെയിൻ ക്രാഷ് ചെയ്യാൻ പോകുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്താലും ഞാൻ ഡപ്പാംകുത്തു കളിക്കും. ജീവിതം ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്” എന്നാണ് സി.ജെ.ആർ ഒരു വീഡിയോയിൽ പറയുന്നത്. അതായത്, മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് തന്നെ കരുതാം
പന്ത്രണ്ടോളം റോൾസ് റോയിസുകൾ, നടക്കുമ്പോൾ പതിനഞ്ചോളം അംഗരക്ഷകർ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ മുഴുവൻ ഫ്ലോർ ബുക്ക് ചെയ്യൽ, പ്രത്യേക എലിവേറ്റർ…ഇത്രയും സുരക്ഷാഭ്രമം ആരെ പേടിച്ചിട്ടായിരുന്നു? സമ്പത്ത് മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ കയ്യടിയോ അസൂയയോ നേടാനുള്ള വ്യഗ്രത, ഇതിന്റെയൊക്കെ ഉദ്ദേശം എന്തായിരുന്നു?
പെട്ടെന്ന് പണക്കാരനായാൽ ചിലർക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥ അതിന്റെയൊരു മൂർദ്ധന്യാവസ്ഥയിലായിരുന്നു സി ജെ റോയി എന്ന് തോന്നുന്നു. ഇത്രത്തോളം വിദ്യാഭ്യാസവും അനുഭവവും ഉള്ള ഒരാളായ റോയി, അത്തരം ഒരു മാനസികാവസ്ഥയിലെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.
അദ്ദേഹത്തിന്റെ അവസാന വീഡിയോകളിലെ ശരീരഭാഷയും ശരീരാവസ്ഥയും പ്രത്യേകം ശ്രദ്ധയിൽപ്പെട്ടു. ജീവിതം ആഘോഷിക്കുന്നതായി ശരീരഭാഷ പറയുമ്പോഴും, ശരീരം തീർത്തും അനോരോഗ്യപരമായി കാണപ്പെട്ടു. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്ന സമ്പന്നരെ കണ്ടാൽ അതാണ് എനിക്കേറ്റവും അതിശയകരമായി തോന്നുന്നത്. എന്തൊക്കെ നേടിയാലും, ആരോഗ്യമില്ലെങ്കിൽ അതിനൊക്കെ എന്ത് വില? സ്വയം മരിച്ചില്ലായിരുന്നെങ്കിലും അധികനാൾ ജീവിച്ചിരിക്കാനുള്ള ഒരു ശരീരഭാഷ ആയിരുന്നില്ല റോയിയുടേത്. ഈ അവസ്ഥ മറ്റുള്ള സമ്പന്നർക്കെങ്കിലും ഒരു പാഠമാകട്ടെ.
പണം പോയാൽ വീണ്ടും ഉണ്ടാക്കാം;ആരോഗ്യം പോയാൽ പണം കൊണ്ട് എന്ത് പ്രയോചനം?. ഇപ്പോൾ ഓർമയിൽ വരുന്നത് കമ്പ്യൂട്ടർ മാന്ത്രികനും ബില്യണറുമായ സ്റ്റീവ് ജോബ്സിന്റെ അവസാനകാല വാക്കുകളാണ്: ലോകത്തിലെ മൊത്തം പണം എന്റെ കയ്യിലുണ്ട്, പക്ഷെ ആരോഗ്യം വാങ്ങിക്കാൻ ആകില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.
അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോവുക എന്നത് നിർഭാഗ്യകരമാണ്. ആ അമ്മയുടെയും കുടുംബത്തിന്റെയും സങ്കടങ്ങൾ കണ്ടുനിൽക്കാനാവില്ല. പ്രണാമം. ഇതാണ് തമ്പി ആന്റണി പറയുന്നത്.
അതേസമയം, സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വാര്‍ത്തകളും പോലീസ് തള്ളികളഞ്ഞിരുന്നു. റോയിയുടേതെന്ന് പറയപ്പെടുന്ന 9 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവസ്ഥലത്തുനിന്ന് അത്തരമൊരു രേഖയും ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനുവരി 30-ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ലാംഗ്ഫോര്‍ഡ് ടൗണിലെ സ്വകാര്യ കാബിനില്‍ റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് റോയിയുടെ സഹോദരന് ആരോപിച്ചു. കഴിഞ്ഞ മൂന്നു നാലു ദിവസമായി റോയ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു എന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്യുകയായിരുന്നില്ല എന്നും മുന്‍പ് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. റോയിയുടെ പക്കല്‍ തോക്കുള്ള കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. റോയിയുടെ കാബിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ റോയിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.








